കുറുപ്പന്തറ: പോലീസ് പരിശോധന ഒഴിവാക്കാൻ സിമന്റ് കട്ടയുമായി വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലൂടെ പോകാൻ ശ്രമിച്ച ടിപ്പർ ലോറി റോഡരികിലെ മണ്ണിടിഞ്ഞു തോട്ടിലേക്കു ചെരിഞ്ഞു.
കുറുപ്പന്തറ കടവിനു സമീപത്തുനിന്നു കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തേക്കെത്തുന്ന റോഡിലൂടെ കടന്നുപോകാൻ ശ്രമിക്കുന്പോഴാണ് അപകടം.
കുറുപ്പന്തറ കടവിനു സമീപം ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം. തോടിന്റെ വശത്തുകൂടി കടന്നുപോകുന്ന റോഡാണിത്.
ചെറുവാഹനങ്ങൾ മാത്രം കടന്നുപോകുന്ന റോഡ് മഴക്കാലമായതിനാൽ അപകട ഭീഷണിയിലായിരുന്നു.
ഭാരവാഹനങ്ങൾ കടന്നുപോയാൽ അപകടസാധ്യതയുള്ളതിനാൽ ടിപ്പർ ലോറി ഇതിലേ പ്രവേശിച്ചപ്പോൾത്തന്നെ നാട്ടുകാർ എതിർത്തിരുന്നു.
എതിർപ്പവഗണിച്ചു മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോളാണ് തോടിന്റെ വശത്തെ റോഡിടിഞ്ഞു ലോറി കുടുങ്ങിയത്.
ഉടൻതന്നെ മുൻവശത്തുനിന്നു ജെസിബി ഉപയോഗിച്ചു ഉയർത്തിയ ശേഷം പുറകുവശത്ത് ക്രെയിനുപയോഗിച്ചു ലോറി കെട്ടി വലിച്ചു ഇവിടെ നിന്നും മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി.
മാൻവെട്ടത്തുനിന്നും സിമന്റ് കട്ടയുമായെത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.