കുമരകം: കുമരകത്ത് വീണ്ടും കുരങ്ങനെത്തി. സൈലന്റ് വാലിയിൽ കാണപ്പെടുന്ന ഹനുമാൻ കുരങ്ങനാണ് രണ്ടു ദിവസമായി കുമരകത്തു കറങ്ങി നടക്കുന്നത്.
ഏതോ വാഹനത്തിൽ ഒരാഴ്ച മുന്പ് കോട്ടയത്തെത്തിയ വാനരൻ തിരുവാതുക്കൽ വഴിയാണ് കുമരകം മുത്തേരിമട ഭാഗത്തെത്തിയത്.
ഇന്നലെ രാവിലെ കുമരകം പെട്രോൾ പന്പിലും കണ്ണാടിച്ചാൽ ഭാഗത്തെ പുരയിടങ്ങളിലുമായാണ് കറങ്ങി നടന്നത്.
മാസങ്ങൾക്കു മുന്പും കുമരകത്ത് കുരങ്ങന്മാർ എത്തിയിരുന്നെങ്കിലും ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങ് വർഗത്തിൽപ്പെട്ടതാണ് ഇപ്പോഴത്തേത്.
തൊപ്പി കുരങ്ങൻ എന്നും പേരുള്ള ഇവ കേരളത്തിൽ പശ്ചിമഘട്ടത്തിലും സൈലന്റ് വാലിയിലുമാണ് കാണപ്പെടുന്നത്.
കടും കറുപ്പ് മുഖവും കൈകാലുകളും നീണ്ട ഭംഗിയുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്. ഇലകളും പഴവർഗങ്ങളുമാണ് ആഹാരം.
കുമരകം പട്രോൾ പന്പിലും പരിസരത്തും കറങ്ങിനടന്ന ശേഷം ആറ്റാമംഗലം പള്ളിപ്പുരയിടത്തിലെ മാവുകളിലും തണൽ മരങ്ങളിലും ഏറെ നേരം ചാടി നടന്നു.
ചോതിരക്കുന്നേൽ ജോർജുകുട്ടിയുടെ കടയിൽനിന്നും കൈക്കലാക്കിയ ഒരു കിലോയോളം പച്ചക്കപ്പ സമീപത്തെ വാകമരത്തിലിരുന്ന് അകത്താക്കി.
ആളുകൾ ചിത്രങ്ങളും വീഡിയോയും പകർത്തി ശല്യം ചെയ്തതോടെ പള്ളിയുടെ കുരിശിൻ തോട്ടിയിലെത്തി ചുറ്റുമതിലിൽ ഇരുന്നു വിശ്രമിച്ചു.
അവിടേയും നാട്ടുകാർ എത്തിയതോടെ വേന്പനാട്ടു കായൽ ഭംഗി ആസ്വദിക്കാൻ യാത്രയായി.