കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ നഗരത്തില്‍ മയക്കുമരുന്നു വില്പന നടത്തി വന്ന യുവാവ് അറസ്റ്റില്‍.
കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി നിതിന്‍ രവീന്ദ്ര(26)നെയാണ് എറണാകുളം റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍നിന്നു ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്നു വില്പന നടത്തിവന്നിരുന്ന നിതിന്റെ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പഠനത്തിന് ഏകാഗ്രത കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് കൈമാറിയിരുന്നത്.
ഇത്തരത്തില്‍ കെണിയിൽ അകപ്പെട്ട ഒരു വിദ്യാര്‍ഥിനിയുടെ സുഹൃത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ചുവരുകയായിരുന്നു.
ഇന്നലെ കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി മരുന്നു കൈമാറാനെത്തിയ നിതിനെ മല്‍പ്പിടിത്തത്തിലൂടെയാണ് എക്സൈസ് കീഴടക്കിയത്.
ഇയാൾ ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇതരസംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോകുന്നവരിലൂടെയാണ് നിതിന്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സമഗ്ര അനേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസിന്റെ സൗജന്യ കൗണ്‍സിലിംഗ് സെന്ററിലെത്തിച്ച് കൗണ്‍സിലിംഗിനു വിധേയമാക്കാനാണ് എക്സൈസിന്റെ നീക്കം.
ആദ്യം നമ്പര്‍ കൈക്കലാക്കും; പഠനത്തില്‍ ഏകാഗ്രത വിശ്വസിപ്പിച്ച് വില്പന
ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡല്‍ ചെയ്യുന്നവരുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കുകയാണ് ഇയാളുടെ രീതി.
ഇതിനായി ഭക്ഷണം എത്തിക്കാന്‍ നല്‍കിയിരിക്കുന്ന ലൊക്കേഷന്‍ കൃത്യമല്ലെന്നും തന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ലൊക്കേഷന്‍ കൃത്യമായി ഷെയര്‍ ചെയ്യണമെന്നും പറഞ്ഞ് കസ്റ്റമറുടെ നമ്പര്‍ കൈക്കലാക്കും.
പിന്നീട് അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം ഇവരെ മയക്കുമരുന്നിന് അടിമകളാക്കും. സമപ്രായക്കാരായ യുവതീ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ലഹരിമരുന്നു വില്പന.
പഠനത്തിനു കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും തെറ്റിധരിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്കു ലഹരിമരുന്നുകൾ വില്‍പ്പന നടത്തിയിരുന്നത്.
അര ഗ്രാമിന് 3,000 രൂപയാണ് ഇയാള്‍ ഇടാക്കിയിരുന്നത്. നിതിന്റെ പക്കല്‍നിന്നു പിടികൂടിയ എംഡിഎംഎ അര ഗ്രാം കൈവശംവച്ചാല്‍ 10 വര്‍ഷം വരെ കഠിനതടവു ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ പറഞ്ഞു.
ഇതിന്റെ ഉപയോഗക്രമം പാളിയാല്‍ മരണം വരെ സംഭവിക്കാവുന്നത്ര മാരകമാണിവ.