കോടാലി: മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിലൻ വെള്ളിയാഴ്ച ക്ലാസ് മുറിയിൽ പാടിയ പാട്ട് ഇപ്പോൾ ലോക മലയാളികൾക്കിടയിൽ തരംഗമാണ്.
വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പടെ ഒട്ടേറെപ്പേർ മിലന്റെ പാട്ട് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
വെള്ളം സിനിമയ്്ക്കുവേണ്ടി ഷഹബാസ് അമൻ ആലപിച്ച “ആകാശമായവളേ’ എന്ന ഗാനമാണു മിലൻ കഴിഞ്ഞ ദിവസം ക്ലാസിൽ വച്ച് സഹപാഠികൾക്കുവേണ്ടി ആലപിച്ചത്.
ഗാനരചയിതാവും മ്യൂസിക്കൽ ആൽബം ഡയറക്ടറും കൂടിയായ അധ്യാപകൻ പാട്ടുപാടാൻ പറഞ്ഞപ്പോഴാണു സാമൂഹ്യപാഠം പീരിയേഡിൽ മിലൻ പാട്ടുപാടിയത്.
ഇതിന്റെ വീഡിയോ അധ്യാപകൻ പ്രവീണ്‍ മാഷും ഗായകനായ ജസ്റ്റിൻ മങ്കുഴിയും സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
കടന്പോട് ആനന്ദകലാസമിതി വായനശാലയ്ക്കു സമീപം താമസിക്കുന്ന ആളൂരുത്താൻ വീട്ടിൽ സുകുമാരൻ - പ്രസന്ന ദന്പതികളുടെ മകനാണ് മിലൻ.
കേവലം ഒരു പാട്ട് എന്നതിലുപരി ജന്മസിദ്ധമായ ആലാപന ശൈലിയിലൂടെ വല്ലാത്തൊരു ഫീലാണ് മിലൻ ആസ്വാദർക്കു പകർന്നു നൽകിയത്.
കുറഞ്ഞ സമയം കൊണ്ട് പാട്ട് വൈറലായി. ഒരു രാത്രി കൊണ്ടുതന്നെ കാഴ്ചക്കാരുടെ എണ്ണം ലക്ഷം കവിഞ്ഞു.
ഗായകൻ ഷഹബാസ് അമനും സംഗീതം പകർന്ന ബിജിബാലും അടക്കമുള്ള നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും മിലനെ അഭിനന്ദിച്ചു.
ഓണ്‍ലൈൻ മീഡിയകളും ടെലിവിഷൻ ചാനലുകളും ഈ കുരുന്നു ഗായകനെ തേടിയെത്തി. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ നാളെ മിലനെ അനുമോദക്കാനായി ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.