ഒരു ഈണത്തിനോടും ശബ്ദത്തിനോടും ഇഷ്ടംവന്നാൽ നമ്മളറിയാതെത്തന്നെ ആ പാട്ട് ഇടയ്ക്കിടെ മനസിലെത്തും. സമയവും സന്ദർഭവും നോക്കാതെ പാടിപ്പോകും.
എന്തുതരം സംഗീതമാണ്, അർഥം എന്താണ് എന്നൊന്നും ആലോചിക്കാൻപോലും തോന്നില്ല., പാട്ട് മനസുകളിൽ മേഞ്ഞുനടക്കും.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ പാട്ടുകൾ വൈറലാകാനുള്ള സാധ്യതയും കൂടി.
ഓരോ കാലത്ത് ഓരോ പാട്ടുകൾ ഇങ്ങനെ രാജ്യങ്ങളുടെയോ ഭാഷകളുടെയോ സംഗീതവിഭാഗത്തിന്റെയോ അതിർവരന്പുകളില്ലാതെ അങ്ങനെ കടന്നുവരും. സന്തോഷംതന്നെ…
മനികേ മാഗേ ഹിതേ…
ഈയൊരു പാട്ടുകേൾക്കാത്തവർ കുറവായിരിക്കുമെന്നു തോന്നുന്നു. സതീഷ് രത്നനായക എന്ന ശ്രീലങ്കക്കാരൻ ഒരുക്കിയ സിംഹള ഭാഷയിലുള്ള പാട്ടാണ് മനികേ മാഗേ ഹിതേ.. അദ്ദേഹമത് കഴിഞ്ഞവർഷമാണ് അവതരിപ്പിച്ചത്.
എന്നാൽ നാലഞ്ചു മാസം മുന്പ് യൊഹാനി ദിലോക ഡി സിൽവ എന്ന പെണ്കുട്ടി ഒരു കവർ വേർഷൻ പാടി യുട്യൂബിൽ ഇട്ടു. ശേഷമുള്ളത് ചരിത്രമാണ്.
അക്ഷരാർഥത്തിൽ യൊഹാനിയുടെ പാട്ട് സംഗീതലോകം കീഴടക്കി. യുട്യൂബിൽ മാത്രം കോടിക്കണക്കിനു തവണ പ്ലേ ചെയ്യപ്പെടുന്നു.
ബാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കണക്കെടുപ്പ് അത്ര എളുപ്പമല്ലാത്തതിനാൽ എണ്ണം പറയാൻ കഴിയില്ല.
എത്രകേട്ടാലും മടുപ്പിക്കാത്തതാണ് യൊഹാനിയുടെ സ്വരം. പാട്ടുകേട്ട അമിതാഭ് ബച്ചൻ പറഞ്ഞത് ഇങ്ങനെ: എന്തൊരു പാട്ടാണിത്! രാത്രി മുഴുവൻ ഞാൻ ഇതു മാത്രം കേൾക്കുകയായിരുന്നു. എത്ര കേട്ടിട്ടും മതിവരുന്നില്ല.
കാലിയ എന്ന തന്റെ ഗാനത്തിന്റെ ചുവടുകൾ ഈ പാട്ടിനൊപ്പം ചേർത്ത് ചെറുമകൾ നവ്യ നവേലി നന്ദ എഡിറ്റ് ചെയ്ത വീഡിയോ ട്വിറ്ററിൽ പങ്കുവച്ചാണ് ബച്ചൻ ഈ അഭിപ്രായം പറഞ്ഞത്.
യൊഹാനിയെ അറിയാം
ഗായികയും ഗാനരചയിതാവും റാപ്പറുമാണ് ഇപ്പോൾ യൊഹാനി. കൊളംബോയിൽ ജനിച്ചുവളർന്ന അവൾ യുട്യൂബിൽ കവർ വീഡിയോകൾ ചെയ്താണ് സംഗീതരംഗത്തേക്കു വന്നത്. തുടക്കത്തിൽ ചെയ്ത ദേവയാംഗെ ബാരെ എന്ന റാപ്പ് കവർ തരക്കേടില്ലാതെ ശ്രദ്ധിക്കപ്പെട്ടു.
അവൾ തന്റെ ശ്രമം തുടരുകയും ചെയ്തു. അധികം വൈകാതെ ശ്രീലങ്കയിലെ റാപ്പ് പ്രിൻസസ് എന്ന പദവി യൊഹാനിക്കു സ്വന്തമായി.
വെറും 23 വീഡിയോകൾ യുട്യൂബ് ചാനലിൽ അവതരിപ്പിച്ചപ്പോഴേക്കും 18 ലക്ഷം സബ്സ്ക്രൈബർമാരെ യൊഹാനി നേടി. ഇപ്പോൾ അത് 30 ലക്ഷത്തിനു മുകളിലാണ്.
മനികേ മാഗേ ഹിതേ എന്ന പാട്ടിന്റെ പതിപ്പ് ഈ കുറിപ്പു തയാറാക്കുന്നതുവരെ 16 കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു.
കഷ്ടിച്ച് അഞ്ചു മാസംകൊണ്ടാണ് ഈ കാഴ്ചക്കാർ എന്ന് പ്രത്യേകം ഓർമിക്കണം. രണ്ടേമുക്കാൽ ലക്ഷത്തിലേറെപ്പേരാണ് പാട്ടിനെക്കുറിച്ച് അഭിപ്രായം എഴുതിയിരിക്കുന്നത്.
അതിലൊന്ന് ഇങ്ങനെ: മനോഹരമായ പാട്ടും അതിമനോഹരമായ ശബ്ദവും. ഒരൊറ്റ വാക്കുപോലും എനിക്കു മനസിലായിട്ടില്ല.
പക്ഷേ, ഇതു കേൾക്കുന്പോൾ പ്രശാന്തസുന്ദരമായൊരനുഭവം. സംഗീതത്തിന് അതിർവരന്പുകളില്ലെന്ന് ഒരിക്കൽക്കൂടി തെളിയുന്നു…
മലയാളികളാണ് പാട്ടിനെ ഏറ്റവുമധികം നെഞ്ചേറ്റിയതെന്നു തോന്നും കമന്റുകൾ കണ്ടാൽ. അതുകൊണ്ടുതന്നെ മറ്റൊരു കമന്റ് ഇങ്ങനെ-
മലയാളികളുടെ ശ്രദ്ധയ്ക്ക്: ഇത് ശ്രീലങ്കൻ പാട്ടാണ്. അവർക്കും കൂടി കമന്റ് ഇടാനുള്ള സ്ഥലം കൊടുക്കണം എന്ന് പ്രത്യേകം അഭ്യർഥിക്കുന്നു. യൊഹാനിയുടെ പുതിയ വീഡിയോകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്.
സംഗീതനിർമാതാവും ബിസിനസുകാരിയും കൂടിയാണ് യൊഹാനി. ശ്രീലങ്കയിലെ പ്രശസ്ത റെക്കോർഡ് കന്പനിയായ പേറ്റ ഇഫക്ട്സുമായി ചേർന്ന് ശ്രദ്ധേയരായ ഒട്ടേറെ സംഗീതകാരന്മാർക്കൊപ്പം യൊഹാനി പ്രവർത്തിച്ചു.
ചെറുപ്പംമുതൽക്കുതന്നെ സംഗീതത്തിലുള്ള അഭിരുചി തിരിച്ചറിഞ്ഞ് മാതാപിതാക്കൾ നൽകിയ പ്രോത്സാഹനമാണ് യൊഹാനിക്കു തുണയായത്.
പിതാവ് പ്രസന്ന ഡി സിൽവ മുൻ സൈനികോദ്യോഗസ്ഥനാണ്. അമ്മ ദിനിതി ഡി സിൽവ എയർ ഹോസ്റ്റസ് ആയിരുന്നു.
അതുകൊണ്ടുതന്നെ ലങ്കയ്ക്കു പുറത്ത് മലേഷ്യയിലും ബംഗ്ലാദേശിലും കുട്ടിക്കാലം മുതൽ ധാരാളം യാത്രകൾ ചെയ്തു.
സംഗീതം തന്റെ പ്രഫഷനായി തെരഞ്ഞെടുക്കാൻ യൊഹാനി തീർച്ചപ്പെടുത്തിയപ്പോൾ മാതാപിതാക്കൾ ഒപ്പം നിന്നു. ഇളയ സഹോദരി ഷവിന്ദ്രി ഡി സിൽവ മെഡിക്കൽ വിദ്യാർഥിനിയാണ്.
പാട്ടൊഴുകിയ വഴി
സതീഷ് രത്നായകയും ദുലൻ എആർഎക്സും ചേർന്ന് കഴിഞ്ഞവർഷം അവതരിപ്പിച്ച മനികേ മാഗേ ഹിതേ മ്യൂസിക് വീഡിയോ അന്നുതന്നെ ജനശ്രദ്ധ നേടി. എന്നാൽ യൊഹാനിയുടെ കവർ പതിപ്പ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുകയായിരുന്നു.
പ്രായഭേദമില്ലാതെ പലദേശങ്ങളിൽ പാട്ട് പറന്നുനടക്കുന്നു. ചമത് സംഗീതിന്റേതാണ് സംഗീതം. റാപ്പ് ഭാഗങ്ങൾ ദുലൻ കൈകാര്യം ചെയ്തു.
ഷെയ്ൻ വാസാണ് ഗിറ്റാർ വായിച്ചിരിക്കുന്നത്. യൊഹാനിയുടെ ശബ്ദവും ഭാവവും അവതരണത്തിലെ സൂക്ഷ്മതയും വേറിട്ടുനിൽക്കുന്നുവെന്ന് ആസ്വാദകർ പറയുന്നു.
എന്നാൽ സാങ്കേതികതകൾ ഒന്നുമറിയാത്തവരും ഈ പാട്ടുമൂളുന്നുണ്ട്. പ്രശസ്തരടക്കം തങ്ങളുടെ വീഡിയോകൾക്കും റീൽസിലും യൊഹാനിയുടെ പാട്ട് പശ്ചാത്തലമാക്കുകയും ചെയ്യുന്നു. ഒരു പാട്ട് അത്ഭുതമാകുന്നത് ഇങ്ങനെയൊക്കെയാണ്.
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചതോടെ പാട്ടിന്റെ തമിഴ്, മലയാളം പതിപ്പുകളും പുറത്തിറക്കി. പിന്നാലെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും എത്തി. എല്ലാം ഒരുപോലെ ഹിറ്റുമായി.
എന്റെ മനസിൽ വരുന്ന തീക്ഷ്ണമായ എല്ലാ ചിന്തകളും നിന്നേക്കുറിച്ചാണ്, അതൊരു ജ്വാലപോലെയാണ്. എനിക്ക് നിന്നിൽനിന്ന് കണ്ണെടുക്കാനാവുന്നില്ല- ഏതാണ്ട് ഇങ്ങനെയാണ് വരികളുടെ അർഥം.
ഈ പാട്ട് ചെയ്യുന്പോൾ അമിത പ്രതീക്ഷകളോ പ്രത്യേക പ്ലാനുകളോ ഒന്നുമുണ്ടായിരുന്നില്ല മനസിൽ.
സംഗീതത്തോടുള്ള അടങ്ങാത്ത സ്നേഹം മാത്രമായിരുന്നു ഈ പ്രോജക്ടിനു പിന്നിൽ. ഇന്ത്യയിൽനിന്നു ലഭിക്കുന്ന പിന്തുണ എന്നെ കൂടുതൽ വിനയാന്വിതയാക്കുന്നു- 28കാരിയായ യൊഹാനി പറയുന്നു.
അമിതാഭ് ബച്ചനു പുറമേ ടൈഗർ ഷ്രോഫ്, മാധുരി ദീക്ഷിത്, പരിനീതി ചോപ്ര, നേഹ കക്കർ തുടങ്ങിയവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ യൊഹാനിയുടെ പാട്ട് ഷെയർ ചെയ്തിരുന്നു.
യൊഹാനി ഇന്ത്യയിലേക്ക്
അജയ് ദേവ്ഗണ് ചിത്രമായ താങ്ക് ഗോഡിലൂടെ ബോളിവുഡിൽ പിന്നണിഗായികയായി അരങ്ങേറാനുള്ള ഒരുക്കത്തിലുമാണ് യൊഹാനി. സിദ്ധാർഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
മനികേ മാഗേ ഹിതേയുടെ ഹിന്ദി പതിപ്പായിരിക്കും യൊഹാനിയുടെ ശബ്ദത്തിൽ സിനിമയിൽ കേൾക്കുക. ഏറെ വൈകാതെ യൊഹാനിയുടെ സംഗീതപരിപാടിയും ഇന്ത്യയിൽ നടക്കും.
ഹരിപ്രസാദ്