കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കൊലയ്ക്കു പിന്നില്‍ ജോണ്‍ ബിനോയ് ഡിക്രൂസിന്റെ ലഹരി ഉപയോഗവും വഴിവിട്ട ബന്ധവും.
അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവുമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്സി (52)യുടെ സുഹൃത്തായ പള്ളുരുത്തി ഇഎസ്ഐ റോഡില്‍ കല്ലേക്കാട്ടില്‍ ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ഒരുവർഷമായുള്ള അടുപ്പം
അമ്പത്തിരണ്ടുകാരിയായ സിപ്സിയും ഇരുപത്തെട്ടുകാരനായ ബിനോയും ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു.
പ്രായത്തിന്റെ പേരില്‍ ബിനോയി ഇവരില്‍നിന്ന് അകലാന്‍ ശ്രമിച്ചതില്‍ സിപ്സി പ്രകോപിതയായിരുന്നുവെന്നു പോലീസ് പറയുന്നു.
തന്നില്‍നിന്ന് അകലാതിരിക്കാന്‍ സിപ്സി ബിനോയിയെ കള്ളക്കേസില്‍ കുടുക്കുകയും പലയിടത്തും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
ബിനോയിയുടെ കുഞ്ഞാണെന്നു പറഞ്ഞു
ബിനോയി അകലുന്നു എന്നു മനസിലായതോടെ സിപ്സി ഇയാള്‍ക്കെതിരെ പല സ്റ്റേഷനുകളിലും കള്ളക്കേസു കൊടുത്തു.
കൂടാതെ നോറ ബിനോയിയില്‍ തനിക്കുണ്ടായ കുഞ്ഞാണെന്ന് പലരോടും പറയുകയും ചെയ്തിരുന്നു.
ബിനോയിയുടെ വീട്ടില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്തും നോറയുമായി ചെന്ന് സിപ്സി ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്നുണ്ടായ നാണക്കേടും വൈരാഗ്യവുമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ചയും തന്നെ മര്‍ദിച്ചുവെന്നു കാണിച്ച് എറണാകുളം വനിത സെല്ലില്‍ ഇവര്‍ ബിനോയിക്കെതിരെ കേസ് കൊടുത്തിരുന്നു.
ലഹരിക്കടിമ
അതേസമയം ബിനോയി ലഹരിക്ക് അടിമയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
14 ദിവസം പ്രായമുള്ളപ്പോള്‍ ഇയാളെ മാതാപിതാക്കള്‍ ദത്തെടുത്തതാണ്. മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പറയുന്നു.
കഞ്ചാവ് ഉപയോഗിക്കാന്‍ ദിവസവും ആയിരം രൂപ വീതം കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് മാതാപിതാക്കളായ ഇംതിയാസിയയും പിതാവ് സ്റ്റാന്‍ലിയും പറയുന്നു.
ലഹരിക്ക് അടിമയായിരുന്നു ബിനോയി വീട്ടിലെ കോഴികളെ ജീവനോട് കുഴിച്ചു മൂടുമായിരുന്നു. നായയെ കൊന്ന് കുഴിച്ചുമൂടുകയും ഉണ്ടായി.
ഒരിക്കല്‍ സിപ്സിയുമായെത്തി വീടും സ്ഥലവും എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ അത് സമ്മതിച്ചില്ലെന്ന് ഇംതിയാസിയ പറഞ്ഞു.
സിപ്സിയുടേതും ക്രിമിനല്‍ പശ്ചാത്തലം
കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സിപ്സിക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ലഹരി മരുന്ന് ഇടപാടുകള്‍ക്ക് ഇവര്‍ കുഞ്ഞുങ്ങളെ മറയാക്കിയിരുന്നു.
അടിപിടി കേസുകള്‍ ഉള്‍പ്പെടെ പല കേസുകളിലും സജീവും സിപ്സിയും പ്രതികളാണ്.
കഴിഞ്ഞ ശനിയാഴ്ച ഇവര്‍ കലൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് അസാന്മാര്ഗിക പ്രവര്‍ത്തനത്തിന് പോകാന്‍ ആയിരുന്നു.
തിങ്കളാഴ്ച രാത്രി പത്തോടെ കുഞ്ഞുങ്ങളെ ബിനോയിയെ ഏല്‍പ്പിച്ച് പുറത്തുപോയ ഇവര്‍ കുട്ടിക്ക് ശ്വാസമില്ല എന്ന് ബിനോയി അറിയിച്ചതിനെത്തുടര്‍ന്ന് തിരിച്ചെത്തിയത് പുലര്‍ച്ചെ രണ്ടിനായിരുന്നു.
വഴിവിട്ട ജീവിതത്തിന് കുട്ടികളെ മറയാക്കി
ദമ്പതികള്‍ എന്നു പറഞ്ഞാണ് ഇവര്‍ കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ ഹോട്ടല്‍ ജീവനകാര്‍ക്ക് സംശയം ഇല്ലായിരുന്നു.
കൊച്ചിയിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് ആഴ്ചയില്‍ ഒരുദിവസം അങ്കമാലിയിലെ വീട്ടിലേക്ക് പോകുന്നതായിരുന്നു ഇവരുടെ രീതി.
വഴിവിട്ട ജീവിതം നയിച്ചിരുന്ന സിപ്സിയുടെ ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത് ബിനോയിയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
രാത്രിയില്‍ സിപ്സി പുറത്തുപോകുമ്പോള്‍ ബിനോയിയാണ് കുട്ടികളെ നോക്കിയിരുന്നത്.
എറണാകുളം നേവല്‍ ബേസിലെ താത്കാലിക ജീവനക്കാരനായിരിക്കെയാണ് ബിനോയ് സിപ്സിയുമായി അടുക്കുന്നത്.
ഹോട്ടലില്‍ തെളിവെടുപ്പ് നടത്തും
കുഞ്ഞിനെ കൊലപ്പെടുത്തിയ കലൂരിലെ ഹോട്ടലില്‍ ഇന്ന് ബിനോയിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കുട്ടിയുടെ മാതാപിതാക്കളെയും അമ്മൂമ്മയും പോലീസ് ചോദ്യം ചെയ്യും.
കുഞ്ഞിന്റെ സഹോദരനായ അഞ്ചു വയസുകാരനില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിക്കും. ഇന്നലെ അറസ്റ്റിലായ ബിനോയിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
സിപ്സിക്ക് പങ്കുണ്ടോയെന്നും അന്വേഷണം
കുഞ്ഞ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ സിപ്സിക്ക് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇവര്‍ പുറത്തുപോയി തിരിച്ചെത്തിയത് ഏറെ വൈകിയാണ്.
ഇവര്‍ക്ക് കുഞ്ഞിനെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സജീവും ഭാര്യ ഡിക്സിയും പിണങ്ങിക്കഴിയുകയാണ്. മൂന്നു മാസം മുമ്പ് ഡിക്സി വിദേശത്തേക്കു പോയി.
അതിനു പിന്നാലെ അമ്മൂമ്മയായ സിപ്സി രണ്ട് കുട്ടികളെയും ഒപ്പംകൂട്ടി.
സംഭവദിവസം പുലര്‍ച്ചെ കുട്ടി മലവിസര്‍ജനം നടത്തിയിരുന്നു. കുട്ടി ധരിച്ചിരുന്ന പാംപേഴ്സ് മാറ്റുകയും കുളിപ്പിക്കുകയും ചെയ്തശേഷം ബക്കറ്റില്‍ തലകീഴായി മുക്കിപ്പിടിക്കുകയായിരുന്നു.
ഈസമയം പുറത്തായിരുന്ന സിപ്സിയെ ഫോണില്‍ വിളിച്ച് കുട്ടി ഛര്‍ദിച്ചെന്ന് ബിനോയ് അറിച്ചു. സിപ്സി എത്തിയശേഷമാണ് കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോയത്.
പാല് കുടിക്കുന്നതിനിടെ ശിരസില്‍ കയറിയതാണെന്നായിരുന്നു ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.
മാതാപിതാക്കളോട് കുറ്റസമ്മതം
മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് തന്റെ മാതാപിതാക്കളുടെ അടുത്തെത്തി കുറ്റസമ്മതം നടത്തി.
മാതാപിതാക്കള്‍ പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും നോര്‍ത്ത് പോലീസ് എത്തി ബിനോയിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കേസില്‍ സിപ്സിയെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. നോറയുടെ സഹോദരനെ വിദേശത്തുനിന്നെത്തിയ അമ്മ ഡിക്സിക്കൊപ്പവും വിട്ടു.
കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നോറയുടെ മൃതദേഹം ഇന്നലെ വൈകിട്ട് 5.30ഓടെ അങ്കമാലി കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.