ബിജു ഇത്തിത്തറ
കടുത്തുരുത്തി: പൂര്‍ണമായും സിമന്റ് ഉപയോഗിച്ചു വള്ളം നിര്‍മിച്ച സുകുമാരന്റെ അടുത്ത ലക്ഷ്യം വെള്ളത്തില്‍ ഒഴുകി നടക്കുന്ന വഞ്ചിവീട് നിര്‍മിക്കുകയെന്നതാണ്. ഇതിനുള്ള പരിശ്രമങ്ങള്‍ സുകുമാരന്‍ ആരംഭിച്ചു കഴിഞ്ഞു.
വെള്ളപ്പൊക്കത്തെ മറികടക്കാനാണ് കപിക്കാട് മാത്തുണ്ണിപറമ്പില് സുകുമാരന്‍ വഞ്ചിവീട് നിര്‍മാണത്തിന് തയാറെടുക്കുന്നത്.
പൂര്‍ണമായും സിമന്റ് ഉപയോഗിച്ചു വള്ളം നിര്‍മിച്ചു അഞ്ച് വര്‍ഷത്തിലേറെയായി ഉപയോഗിച്ചു വരികയാണ് ഇദ്ദേഹം.
ഇക്കാലമത്രയും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമെല്ലാം സുകുമാരന്‍ ഉപയോഗിക്കുന്നത് സിമന്റ് വള്ളം തന്നെ. മേസ്തിരി പണിക്കാരനാണ്.
25,00 രൂപ വള്ളം നിര്‍മാണത്തിനായി ചെലവായി. ചില സുഹൃത്തുക്കളും വള്ളം നിര്‍മാണത്തിന്റെ സമയങ്ങളില്‍ സഹായിച്ചിരുന്നുവെന്നു സുകുമാരന്‍ പറഞ്ഞു.
തന്റെ രണ്ട് വീടുകള്‍ നിര്‍മിച്ചപ്പോഴും ഇത്തരത്തില്‍ വിത്യസ്തത കൊണ്ടുവരാന്‍ സുകുമാരന്‍ ശ്രമിച്ചു. കല്ലും കട്ടയും പൂര്‍ണമായും ഒഴിവാക്കി, ഇരുമ്പ് നെറ്റും സിമന്റും ഉപയോഗിച്ചാണ് വീടിന്റെ ഭിത്തി നിര്‍മിച്ചത്.
ഒന്നര ഇഞ്ച് കനത്തില്‍ ഭിത്തി നിര്‍മിച്ച ശേഷം മേല്‍ക്കൂര വാര്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വീടിന് ഒരു തകരാറും സംഭവിച്ചില്ലെന്നും സുകുമാരന്‍ പറയുന്നു.
രണ്ടാമത്തെ വീട് നിര്‍മിച്ചപ്പോള്‍, ഇവിടേക്കാവശ്യമായ നിര്‍മാണ സാമഗ്രികള്‍ പൂര്‍ണമായും സിമന്റ് വള്ളത്തിലാണ് സൈറ്റിലെത്തിച്ചത്. 50 കൊട്ട മെറ്റല്‍ വരെ ഒരേ സമയം വള്ളത്തില്‍ കയറ്റാനാവുമെന്ന് ഇദേഹം പറയുന്നു.
ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്താല്‍ ഓരോ നിര്‍മാണത്തിലും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് സുകുമാരന്റെ അഭിപ്രായം.
ആരില്‍ നിന്നും പഠിച്ചെടുത്തതല്ല സുകുമാരന്റെ തൊഴിലും കഴിവുകളും. ഓരോ പണികള്‍ ചെയ്യുമ്പോഴും മനസിരുത്തി ചിന്തിച്ചു കണക്കുകൂട്ടിയാണ് ചെയ്യുക.
അപ്പോഴൊക്ക അതിന്റെ ഫലവും കിട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും ആശങ്കകളും വിഷമതകളും ഉണ്ടായിട്ടുണ്ട്.
കളിയാക്കി ചിരിച്ചവരും ഏറെയുണ്ടായിരുന്നു. എന്നാല്‍ വള്ളം നിര്‍മാണം പൂര്‍ത്തിയായതോടെ എല്ലാവരും അഭിനന്ദിച്ചതായും ഇദ്ദേഹം പറയുന്നു.
അല്പസമയം കിട്ടിയാല്‍ സിമന്റുപയോഗിച്ചു എന്തെങ്കിലുമൊക്കെ നിര്‍മിക്കാന്‍ ശ്രമിക്കും.
ഇത്തരത്തില്‍ സിമന്റ് ഉപയോഗിച്ചു നിര്‍മിച്ച ചെടിച്ചട്ടികളാണ് സുകുമാരന്റെ പുരയിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സുകുമാരന്റെ വ്യത്യസ്തമായ തൊഴില്‍ പരീക്ഷണങ്ങള്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്നത് ഭാര്യ ലീലയാണ്.
മകന് സുജിത്ത് ചലച്ചിത്ര മേഖലയില്‍ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുകയാണ്. മകള്‍ സൂര്യ ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരിയാണ്.