ലക്നോ: മാനഭംഗപ്പെടുത്തിയതിനെക്കുറിച്ചു പരാതി കൊടുക്കാനെത്തിയ കൗമാരക്കാരിയെ പോലീസ് ഉദ്യോഗസ്ഥൻ വീണ്ടും ബലാത്സംഗം ചെയ്തു.
ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് പതിമ്മൂന്നുകാരി അതിക്രൂരമായി പോലീസ് സ്റ്റേഷനിൽ വീണ്ടും മാനഭംഗം ചെയ്യപ്പെട്ടത്.
നാലു പേർ ചേർന്നു തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച കൗമാരക്കാരി ഇതിനെക്കുറിച്ചു പരാതിപ്പെടാനാണ് ലളിത്പൂരിൽ പോലീസ് സ്റ്റേഷനിൽ എത്തിയത്.
എന്നാൽ, വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ വീണ്ടും മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.
കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജിനെ സസ്പെൻഡ് ചെയ്യുകയും ഇയാൾക്കെതിരേ ക്രിമിനൽ കേസെടുക്കുകയും ചെയ്തു.
ഇയാൾ ഒളിവിലാണെന്നും മൂന്നു പോലീസ് സംഘങ്ങൾ തെരയുകയാണെന്നും ലളിത്പൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മറ്റ് മൂന്നു പ്രതികൾ കൂടി പിടിയിലായിട്ടുണ്ട്.
പെൺകുട്ടിയെ നാലു പേർ പ്രലോഭിപ്പിച്ച് ഏപ്രിൽ 22ന് ഭോപ്പാലിലേക്കു കൊണ്ടുപോയി നാലു ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടിയുടെ പിതാവ് ചൊവ്വാഴ്ച സമർപ്പിച്ച പരാതിയിൽ പറയുന്നു.
തുടർന്ന് ഒരു പ്രതി അവളെ ഗ്രാമത്തിലേക്കു തിരികെ കൊണ്ടുവരികയും ഉപേക്ഷിച്ചു രക്ഷപ്പെടുകയുമായിരുന്നു. ഇതിനെക്കുറിച്ചു പരാതിപ്പെടാനാണ് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തിയത്.
കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ അവളുടെ അമ്മായിക്കു കൈമാറി. തുടർന്ന് അടുത്ത ദിവസം മൊഴി രേഖപ്പെടുത്താനായി പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു.
അവളുടെ അമ്മായി നോക്കി നിൽക്കെ ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെ ഒരു മുറിയിലേക്കു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
എഫ്ഐആറിൽ പെൺകുട്ടിയുടെ അമ്മായിയെയും പ്രതി ചേർത്തിട്ടുണ്ട്. ബലാത്സംഗത്തിനും പോക്സോ പ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ടെന്നു ലളിത്പൂർ പോലീസ് പറഞ്ഞു.