നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി ഈ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് ലോക പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ പറഞ്ഞിട്ടുണ്ടല്ലൊ.
റീനാ വെര്‍മ എന്ന ഇന്ത്യക്കാരിയുടെ കാര്യത്തില്‍ അത് നൂറുശതമാനവും ശരിയാണ്.
തന്‍റെ ബാല്യകാലം ചിലവഴിച്ച നാടും താന്‍ വളര്‍ന്ന വീടും ഒന്നുകൂടി കാണണമെന്ന അവരുടെ ആഗ്രഹത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പ്രായമുണ്ട്.
നിലവിലെ പാക്കിസ്ഥാനിലുള്ള റാവല്‍പിണ്ടിയിലായിരുന്നു റീനയുടെ വീട്.
“പ്രേം നിവാസ്’ എന്ന് പേരിട്ടിരുന്ന വീട്ടില്‍ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം 15-ാം വയസോളം റീന താമസിച്ചിരുന്നു. എന്നാല്‍ 1947ലെ ഇന്ത്യ-പാക് വിഭജനം നിമിത്തം അവര്‍ ഇന്ത്യയിലേക്കെത്തി.
ഹിമാചല്‍ പ്രദേശിലെ സോളനില്‍ എത്തിയ ആദ്യ താമസക്കാരില്‍ ഒരാള്‍ റീനയായിരുന്നു. വൈകാതെ അവരുടെ മാതാപിതാക്കളും പാക്കിസ്ഥാനില്‍ നിന്നും സോളനിലേക്ക് താമസം മാറിയെത്തി.
മാറി താമസിച്ചെങ്കിലും റീനയുടെ മനസില്‍ മുഴുവന്‍ താന്‍ വളര്‍ന്ന നാടും അയല്‍പ്പക്കകാരുമായിരുന്നു. ഒരിക്കല്‍ കൂടി അവിടെ എത്തണമെന്ന് അവര്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു.
1965ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനായി റീന ശ്രമിച്ചിരുന്നെങ്കിലും അന്നത്തെ കലുഷിതമായ അന്തരീക്ഷം നിമിത്തം അവര്‍ക്ക് വിസ അനുവദിക്കപ്പെട്ടില്ല.
തോഷി എന്ന് വിളിപ്പേരുള്ള റീന പിന്നീടും പല തവണ തന്‍റെ യാത്രയ്ക്കായി ശ്രമിച്ചിട്ടുണ്ട്. 2022ല്‍ “ഇന്ത്യാ പാക്കിസ്ഥാന്‍ ഹെറിറ്റേജ് ക്ലബ്’ എന്നൊരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ അവര്‍ ചേര്‍ന്നിരുന്നു.
നീണ്ട നാളായുള്ള തന്‍റെ ആഗ്രഹത്തിന്‍റെ കാര്യം അവര്‍ അതില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേര്‍ പ്രതികരിക്കുകയുണ്ടായി.
ഗ്രൂപ്പില്‍ അംഗമായ സജാദ് ഹുസൈന്‍ എന്നൊരു പാക്കിസ്ഥാന്‍കാരന്‍ റീന താമസിച്ച വീടിന്‍റെ വിശദാംശങ്ങള്‍ കണ്ടെത്തി.
അതോടെ അവര്‍ ഒരിക്കല്‍ക്കൂടി തന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇറങ്ങിത്തിരിച്ചു. വിസയ്ക്കായി മാര്‍ച്ചില്‍ റീന അപേക്ഷ നല്‍കിയെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.
റീനയുടെ വാര്‍ത്ത നിരവധി വെബ്പോര്‍ട്ടലുകളില്‍ പിന്നെയും പ്രത്യക്ഷപ്പെടുകയുണ്ടായി.
പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയായ ഹീനാ റബ്ബാനി ഖാറിന്‍റെ ഫേസ്ബുക്ക് പേജില്‍ റീന തന്‍റെ പോസ്റ്റ് ടാഗ് ചെയ്തിരുന്നു. അതോടെ അവര്‍ക്ക് തന്‍റെ ആഗ്രഹം നിവര്‍ത്തിക്കുവാനുള്ള അവസരം ഒരുങ്ങി.
പാക്കിസ്ഥാനി ഹൈക്കമ്മീഷന്‍ മൂന്ന് മാസത്തെ വിസയാണ് റീനയ്ക്ക് അനുവദിച്ചത്. ഒടുവില്‍ 15ന് വാഗ-അട്ടാരി അതിര്‍ത്തി കടന്ന് അവര്‍ തന്‍റെ ബാല്യകാല സ്മരണകളുറങ്ങുന്ന ഇടത്തേക്ക് എത്തിച്ചേര്‍ന്നു.
പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് റീന പറയുന്നു.
92-ാം വയസില്‍ റീനയ്ക്ക് തന്‍റെ ഏറ്റവും വലിയ മോഹം നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ സമൂഹ മാധ്യമങ്ങളും തൃപ്തരാണ്.
എന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തിലേക്കെത്തുമ്പോഴും, വിഭജനത്തിന്‍റെ ബാക്കി പത്രമായി മനസില്‍ മുറിവുകളുള്ള ഒരുപാട് മനുഷ്യര്‍ ഇരു രാജ്യങ്ങളിലും ഇന്നും ജീവിക്കുന്നുണ്ട് എന്ന സത്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു.