അമൃത്സറിലെ സുവർണക്ഷേത്രം സന്ദർശിച്ചത് ജീവിതത്തിലുണ്ടായ ഒരപൂർവ അനുഭവമായിരുന്നു.
അസ്തമിച്ച ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഗൃഹാതുരതയല്ല ആ സന്ദർശനവേളയിൽ അനുഭവവേദ്യമായത്. ഈ ലോകം ഇനിയും ശൂന്യവും അർഥരഹിതവുമായിട്ടില്ലെന്ന് അവിടെയുള്ള കാഴ്ചകൾ നമ്മെ അനുസ്മരിപ്പിക്കുന്നു.
മനുഷ്യനെന്ന അത്ഭുതജീവിയുടെ അതിശയിപ്പിക്കുന്ന കരവിരുതുകളാണ് നാമവിടെ ദർശിക്കുന്നത്. അമൃത്സറിലെ സുവർണക്ഷേത്രം ഒരു മഹാത്ഭുതം തന്നെ.
ശിരസ് മറച്ചു ഭവ്യതയോടെയാണ് ഞാനും ഭാര്യ ശുഭയും അവിടെച്ചെന്നത്. ഞങ്ങളെ നയിക്കാൻ സിക്കുകാരനായ ഡ്രൈവർ ജർമൻസിംഗ് കൂടെയുണ്ടായിരുന്നു.
ലക്ഷക്കണക്കിന് സന്ദർശകർ ദിനംപ്രതി എവിടെയെത്തുന്നു, പ്രാഥിക്കാനും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാനും. ആവശ്യമുള്ളവർക്ക് എപ്പോഴും സൗജന്യഭക്ഷണം അവിടെ റെഡി.
സിക്കുകാർ ഇതരഇന്ത്യാക്കാരിൽനിന്നു വേറിട്ടുനിൽക്കുന്നത് അവരുടെ ശാന്തമായ പെരുമാറ്റശൈലികൊണ്ടും കൃത്യനിഷ്ഠയുള്ള ജീവിതക്രമങ്ങൾകൊണ്ടും ആത്മാർഥമായ സഹവർത്തിത്വം കൊണ്ടുമാണെന്നു തോന്നുന്നു.
ആദ്യമായാണ് ഞാൻ അമൃത്സറിൽ പോകുന്നത്. വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗിന്റെ വാർഷികസമ്മേളനത്തിൽ പങ്കെടുക്കാൻ. അമൃത്സർ അത്രവലിയ ഭംഗിയുള്ള നഗരമല്ല.
എന്നാൽ സന്ദർശകരെ ആകർഷിക്കുന്ന മൂന്ന് പ്രധാന സ്മാരക വിഭവങ്ങളാണ് അവിടെയുള്ളത് -സുവർണക്ഷേത്രം,
ജാലിയൻവാലാബാഗ്, ഇന്ത്യ-പാക്കിസ്ഥാൻ വാഗാ അതിർത്തിയിലെ പ്രസിദ്ധമായ പരേഡ്. ഇവ മൂന്നും ലക്ഷക്കണക്കിന് സന്ദർശകരെ അവിടേക്കു ദിനംപ്രതി ആകർഷിക്കുന്നു.
സിക്ക് വിശ്വാസത്തിന്റെ (സിക്കിസം) ആസ്ഥാനമായ സുവർണക്ഷേത്രത്തിനു ഹർമന്ദിർസാഹിബ് എന്നും പേരുണ്ട്. 1577ൽ ഗുരു റാം ദാസ് ക്ഷേത്രത്തിനുള്ള ജലാശയം ഉണ്ടാക്കി.
1604ൽ ഗുരു അർജൻ ക്ഷേത്രനിർമിതി തുടങ്ങി. പലപ്രാവശ്യം മുഗൾ- അഫ്ഗാൻ സൈന്യങ്ങൾ ക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചു.
1809ൽ രഞ്ജിത്ത് സിംഗ് മഹാരാജാവ് സിക്ക് സാമ്രാജ്യം സ്ഥാപിക്കുകയും ആസ്ഥാനകേന്ദ്രമായ ക്ഷേത്രം പുതുക്കിപ്പണിതു സ്വർണദളങ്ങൾകൊണ്ട് പൊതിഞ്ഞ് അതിനെ സുവർണക്ഷേത്രമാക്കി മാറ്റി.
സുവർണക്ഷേത്രം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അവിടെ സിക്കുകാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ് ലിംകളും ഒരുപോലെ പ്രാഥിക്കാനും തങ്ങളുടെ ആദരവ് കാണിക്കാനും എത്തുന്നു.
നാലു വിഭാഗങ്ങൾക്കായി നാലു വാതായനങ്ങൾ അവിടെയുണ്ട്. ദിവസേന ഒന്നരലക്ഷത്തോളം വിവിധ മതസ്ഥർ സന്ദർശിക്കുന്ന അവിടം പവിത്രമാണ്, ഭക്തിസാന്ദ്രമാണ്!