ചെങ്ങന്നൂർ: പോലീസുകാരുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണാഭ്യര്ഥന നടത്തുന്ന സംഘം വ്യാപകമായിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തന്റെ പേരില്‍ വ്യാജമായി നിര്‍മിച്ചതായി ഡിവൈഎസ്പി ഡോ.ആർ. ജോസ് ഫേസ് ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരുടെ പേരിൽ അക്കൗണ്ടുകള്‍ സജീവമായിരുന്നു.
ഫേസ് ബുക്ക് മെസഞ്ചറിലൂടെ അടിയന്തര ആവശ്യം എന്നോണം പണം ആവശ്യപ്പെടുകയാണ് ഇത്തരം തട്ടിപ്പുകാരുടെ തന്ത്രം.
ആദ്യഘട്ടത്തില്‍ മാവേലിക്കര സ്റ്റേഷനില്‍ ജോലിയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ എസ്ഐയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളെയും അതില്‍ ഫ്രണ്ട്സ് ആക്കുകയും പിന്നീട് പണാഭ്യർഥന നടത്തുകയും ചെയ്തിരുന്നു.
രണ്ടു വര്‍ഷമായി തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്. ജോസ് തന്റെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്ന വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
ഡോ.ആര്.ജോസിന്റെ ഫോട്ടോ ഉപയോഗിച്ച് ജോസ് ആര് പത്തനംതിട്ട എന്ന പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നത്.
സംഭവം അറിഞ്ഞ ഉടന്‍തന്നെ അദ്ദേഹം തന്റെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും സൈബര്‍ സെല്ലിനു പരാതി കൈമാറുകയും ചെയ്തതായി അറിയിച്ചു.
പിന്നീട് ഈ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഇപ്പോള്‍ നിരവധി തട്ടിപ്പുകളും പണാപഹരണവും നടന്നിട്ടും കുറ്റവാളികളെ കണ്ടെത്താനായിട്ടില്ലയെന്നത് പോലീസിനുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.