ചങ്ങനാശേരി: ചങ്ങനാശേരി പൂവം എസി കോളനിയില്‍ അരങ്ങേറിയതു ദൃശ്യം മോഡല്‍ കൊലപാതകം.
ആലപ്പുഴ നഗരസഭ ആര്യാട് കിഴക്കേവെളിയില്‍ ബിന്ദുകുമാറി (ബിന്ദുമോന്-45) ന്റെ മൃതദേഹമാണ് പൂവം കോളനിയിലുള്ള വീടിന്റെ അടിത്തറയില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴയില്‍ വസ്തുബ്രോക്കറായ ബിന്ദുകുമാറും മേസ്തിരിപ്പണിക്കാരനായ മുത്തുകുമാറും നാളുകളായി സുഹൃത്തുക്കളായിരുന്നു.
ഇടക്കാലത്തു ബന്ധത്തിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മുത്തുകുമാര്‍ സുഹൃത്തായ ബിന്ദുകുമാറിന്റെ കൊലപാതകത്തിനുള്ള ആസൂത്രണങ്ങളിലേക്കു നീങ്ങിയത്.
അങ്ങനെയാണ് മുത്തുകുമാര്‍ സുഹൃത്തിന്റെ കൊലപാതകത്തിലെ തിരക്കഥയില്‍ വില്ലനായത്.
രാത്രി തറ പൊളിച്ചു
കഴിഞ്ഞ 26ന് വൈകുന്നേരത്തോടെയാണ് ആലപ്പുഴയില്‍നിന്നു ബിന്ദുകുമാര്‍ ബൈക്കില്‍ ചങ്ങനാശേരി പൂവം എസി തോടിനരികിലുള്ള മുത്തുകുമാറിന്റെ വീട്ടിലെത്തിയത്.
ഇരുവരും വീട്ടിലിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ ബിസിനസ് കാര്യങ്ങള്‍ സംബന്ധിച്ചു തര്‍ക്കം ഉണ്ടായി. ഇതോടെ മുത്തുകുമാര്‍ ബിന്ദുകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.
അന്നു രാത്രിതന്നെവീടിനോടു ചേര്‍ന്നുള്ള ഷെഡിന്റെ തറ പൊളിച്ചു. ബിന്ദുകുമാറിന്റെ മൃതദേഹം അവിടെ മറവുചെയ്തു.
മൃതദേഹം മറവുചെയ്ത ഭാഗം ആര്‍ക്കും സംശയം തോന്നാത്തവിധം സിമന്റും മണലും ചേര്‍ത്തു ഭദ്രമായി തേച്ചുമിനുക്കി.
കോളനിയിലെ ഈ വീടിനോടു തൊട്ടുചേര്‍ന്നു നിരവധി വീടുകളുണ്ടെങ്കിലും കൊലപാതക കൃത്യം ആരുംതന്നെ അറിഞ്ഞിരുന്നില്ല.
പോലീസ് എത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. കൃത്യത്തിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിനുപിന്നില്‍ ബിന്ദുകുമാറിന്റെ ഒരു ബന്ധു ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫോണ്‍വിളി വഴിത്തിരിവായി
ചങ്ങനാശേരി: സെപ്റ്റംബര്‍ 26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലെന്നു കാണിച്ച് ഇയാളുടെ അമ്മ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ബിന്ദുകുമാറിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയാണ് കേസിനെ വിഴിത്തിരിവിലെത്തിച്ചത്.
ചങ്ങനാശേരി-ആലപ്പുഴ റോഡിലെ രണ്ടാം പാലത്തിനു സമീപം ഇയാള്‍ എത്തിയതായി ടവര്‍ ലൊക്കേഷനില്‍ വ്യക്തമായി.
ഈ പ്രദേശം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാര്‍ ഇവിടെ താമസിക്കുന്നതായി കണ്ടെത്തിയത്.
ബിന്ദുകുമാര്‍ ഫോണില്‍ 26ന് ഉച്ചയ്ക്കു മുത്തുകുമാറിനെ വിളിച്ചതായും കോള്‍ രജിസ്റ്ററില്‍ കണ്ടെത്തി.
തുടര്‍ന്ന് മുത്തുകുമാറിനെ തേടി ആലപ്പുഴ നോര്‍ത്ത് പോലീസ് ചങ്ങനാശേരി പോലീസിന്റെ സഹായത്തോടെ ഇയാളുടെ പൂവം എസി കോളനിയിലുള്ള വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല.
സംശയം തോന്നി പോലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് വീടിനോടു ചേര്‍ന്നു നിര്‍മിച്ച ചായ്പ്പിന്റെ തറപൊളിച്ചു പുതിയ നിര്‍മാണം നടത്തിയ നിലയില്‍ കണ്ടെത്തിയത്.
ഇതു പോലീസിന്റെ സംശയം ബലപ്പെടുത്തി. ഇതോടെയാണ് തറ പൊളിച്ചു പരിശോധിക്കാനുള്ള തീരുമാനത്തിലെത്തിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് മേല്‍നോട്ടത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനല്‍, ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് നേതൃത്വത്തിലുള്ള പോലീസ് എത്തിയാണ് തറ പൊളിച്ചു മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് തയാറാക്കിയത്.
മക്കളെ വീട്ടില്‍നിന്നു മാറ്റിയത് ആസൂത്രിതമോ?
ചങ്ങനാശേരി: ആലപ്പുഴ സ്വദേശിയായ മുത്തുകുമാറും കുടുംബവും ഏതാനുംമാസം മുമ്പാണ് പാറക്കല്‍ പാലത്തിനു സമീപം പൂവം എസികോളനിയിലുള്ള വാടകവീട്ടില്‍ താമസത്തിനെത്തിയത്.
ഇയാളുടെ ഭാര്യ വിദേശത്താണ്. മൂന്നു മക്കളും മുത്തുകുമാറുമാണ് വീട്ടില്‍ താമസം. ഈ മൂന്നു മക്കളെയും കഴിഞ്ഞ 26ന് ഈ വീട്ടില്‍നിന്നു ചങ്ങനാശേരിക്ക് അടുത്തുള്ള ബന്ധുവീട്ടിലേക്കു മുത്തുകുമാര്‍ മാറ്റിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബന്ധുവീട്ടിലുള്ള ഇവരെ പോലീസ് നേരില്‍ കണ്ട് മൊഴി എടുത്തേക്കും. മക്കളെ വീട്ടില്‍നിന്നു മാറ്റിയതു കൊലപാതകം ആസൂത്രണം ചെയ്യുന്നതിനാണോ എന്ന സംശയവും പോലീസിനുണ്ട്.
ആരും ഒന്നുമറിഞ്ഞില്ല; പോലീസ് എത്തിയപ്പോൾ നാടിനു ഞെട്ടൽ
ചങ്ങനാശേരി: പൂവം എസി കോളനിയിലുള്ള വീടിനു സമീപത്തെ ചായ്പ്പിന്റെ അടിത്തറയ്ക്കുള്ളില്‍ യുവാവിന്റെ മൃതദേഹം മറവുചെയ്തിരിക്കുന്നതായുള്ള വാര്‍ത്ത ഇന്നലെ രാവിലെതന്നെ കാട്ടുതീപോലെ പടര്‍ന്നു.
വീട് സീല്‍ ചെയ്തതുകൂടാതെ പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ ജനാവലി സംഭവസ്ഥലത്തേക്കു പ്രവഹിച്ചു.
തോടിന്റെ കരയില്‍ പൊള്ളുന്ന വെയിലത്ത് ആളുകള്‍ കാത്തുനിന്നു. വിവരങ്ങളൊന്നും പോലീസ് പുറത്തുവിടാതിരുന്നതുമൂലം സ്ഥലത്തെത്തിയവർക്കും ഒന്നും കാര്യമായി മനസിലായില്ല.
രാവിലെ പത്തോടെ കൂടുതല്‍ പോലീസ് എത്തി. വീടും പരിസരങ്ങളും കര്‍ശന സുരക്ഷയിലാക്കി. 11.30ടെ ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനലിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമെത്തുകയും വീടിനോടു ചേര്‍ന്നുള്ള ചായ്പിന്റെ തറപൊളിച്ച് മൃതദേഹം കണ്ടെത്താനുള്ള നടപടികളിലേക്കു കടക്കുകയുമായിരുന്നു. ഉച്ചകഴിഞ്ഞ് 1.30ടെയാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിന്റെ മൃതദേഹം പുറത്തെടുത്തത്.
തോട്ടിൽ കണ്ട ബൈക്കും ഫോൺകോളും
ആലപ്പുഴ: മുത്തുകുമാറും ബിന്ദുകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. വസ്തു ബ്രോക്കറായിരുന്ന ബിന്ദുകുമാറും മുത്തുകുമാറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
ബിന്ദുകുമാറിനെ കാണാതായെന്ന അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ വാകത്താനത്തെ ഒരു തോട്ടിൽനിന്നു ബിന്ദു കുമാറിന്റെ ബൈക്ക് പോലീസിനു കിട്ടിയിരുന്നു.
ബിന്ദുകുമാറിനെ കൊലപ്പെടുത്തിയ ശേഷം മുത്തുകുമാർ ആയിരിക്കാം ബൈക്ക് ഇവിടെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.
വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ബൈക്ക്. ഇതോടെയാണ് പോലീസ് അന്വേഷണം ശക്തമായത്.
തുടര്‍ന്ന് മൊബൈൽ ടവര്‍ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ മുത്തുകുമാറിന്റെ വീട് നിൽക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നുവെന്നു കണ്ടെത്തി.
ബിന്ദുകുമാറിന്റെ ഫോണ്‍ കോളുകൾ പരിശോധിച്ചപ്പോൾ കാണാതായ കഴിഞ്ഞ സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്കു മുത്തുകുമാറിനെ വിളിച്ചതായി കണ്ടെത്തി.
തുടർന്നു പോലീസ് മുത്തുകുമാറിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി.
മൊഴിയിൽ സംശയം തോന്നിയ പോലീസ് അടുത്ത ദിവസം ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിൽ എത്താൻ മുത്തുകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു.
ഇതോടെ ഇന്നലെ രാത്രി മുത്തുകുമാറിന്റെ അടഞ്ഞു കിടന്നിരുന്ന വീട് കുത്തിത്തുറന്നു പോലീസ് പരിശോധന നടത്തി.
ഈ പരിശോധനയിലാണ് വീടിന്റെ തറ പൊളിച്ചുപണിതതായി കണ്ടെത്തിയത്. നാല് മാസം മുൻപാണ് ഈ വാടക വീട്ടിൽ മുത്തുകുമാര്‍ താമസം തുടങ്ങിയതെന്നാണ് വിവരം.
26ന് രാത്രിയിൽ മുത്തുകുമാറും ബിന്ദുകുമാറും വേറെ ഒന്നോ രണ്ടോ പേരും ചേര്‍ന്ന് ഈ വീട്ടിൽ വച്ചു മദ്യപിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മേസ്തിരി പണി ചെയ്തു ജീവിക്കുന്ന ആളാണ് മുത്തുകുമാര്‍.