മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ താത്കാലിക നിയമനത്തിനായി തടിച്ചുകൂടിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ.
സാമൂഹിക അകലം പാലിക്കുന്നത് പരാജയപ്പെട്ടതോടെ ഇന്റർവ്യൂ നിർത്തിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വാർഡിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങളാണ് അനിയന്ത്രിതമായ ആൾക്കൂട്ടം കാരണം ഇന്നലെ നിർത്തിവച്ചത്.
മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സ വാർഡിലേക്ക് നഴ്സുമാരുടെയും ക്ളീനിംഗ് സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കുന്നതിനായാണ് ഇന്നലെ ഇന്റർവ്യൂ സംഘടിപ്പിച്ചിരുന്നത്.
നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തിരമായിരുന്നു ഈ താത്കാലിക നിയമനങ്ങൾ നടത്താൻ ലക്ഷ്യമിട്ടിരുന്നത്. ഒഴിവുകളിൽ താത്കാലികമായി നിയമനത്തിന് താൽപ്പര്യമുള്ളവരെ ക്ഷണിച്ചു മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതർ അറിയിപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളും രക്ഷിതാക്കളുമടക്കം 2,000ത്തോളം പേരാണ് ജില്ലയ്ക്കകത്തും പുറത്തും നിന്നായി രാവിലെ മെഡിക്കൽ കോളജിലെ പഴയ ഓഡിറ്റോറിയത്തിൽ എത്തിയത്.
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരും പോലീസും ഉദ്യോഗാർഥികളുടെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കോവിഡ് മാനദണ്ഡ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിനിടെ അധികൃതർ ഇന്റർവ്യൂ ആരംഭിച്ചതോടെ പ്രശ്നങ്ങൾ ഒന്നുകൂടി സങ്കീർണമായി.
ഉദ്യോഗാർഥികളിൽ ചിലർതന്നെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ആരോപിച്ചതോടെ അഭിമുഖവുമായി അധികൃതർക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയായി.
തുടർന്നാണ് ഇന്റർവ്യൂ മാറ്റിവച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ തവണ നടത്തിയ ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഇന്റർവ്യൂ നടത്താൻ തീരുമാനിച്ചിരുന്നത്.
പുതുതായി 110 ഐസിയു കിടക്കകൾ തയാറാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചത്.
മാറ്റിവച്ച ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
അതേസമയം മെഡിക്കൽ കോളജിൽ നിയമനത്തിന്റെ പേരിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം ഉണ്ടായ സാഹചര്യത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.