വണ്ടിപ്പെരിയാർ: കഴിഞ്ഞ മൂന്നുമാസമായി വണ്ടിപ്പെരിയാർ നെല്ലിമല, ഡൈമൂക്ക് ഭാഗത്ത് വിലസി നടന്ന പുലിയെ വനപാലകർ പിടികൂടി. ഇന്നലെ രാത്രി ആണ് പുലിയെ പിടിക്കുന്നതിന് നെല്ലിമല പുതുവൽ ഭാഗത്ത് കൂടി സ്ഥാപിച്ചത്.
മൂന്നുമാസത്തിനിടെ പ്രദേശത്തെ അഞ്ചോളം വളർത്തു മൃഗത്തെയാണ് പുലി പിടിച്ചത്. മുന്പു രണ്ട് സ്ഥലത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസവും നെല്ലിമല , പുതുവൽ ഭാഗത്ത് പുലി ഇറങ്ങി വളർത്തു മൃഗത്തെ പിടിച്ചിരുന്നു.
ഇതേത്തുടർന്ന് കുമളി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലത്ത് കാമറ സ്ഥാപിക്കുകയും മൂന്നുമാസമായി ഈ മേഖലയിൽ കാണുന്ന പുലി തന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
തുടർന്ന് ഇന്നലെ രാത്രിയോടുകൂടി പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലു മണിയോടെ കൂടി പുലി കെണിയിൽ വീഴുകയായിരുന്നു.
കുമളി റേഞ്ച് ഓഫീസർ സുനിലാൽ എസ് എൽ,ഡോക്ടർ അനുരാജ് എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനയ്ക്കുശേഷം തേക്കടി ഉൾവനത്തിൽ തുറന്നുവിട്ടു.
കഴിഞ്ഞ മൂന്നു മാസക്കാലമായി ഈ പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തി കൊണ്ടിരുന്ന പുലിയെ പിടിച്ചതിൽ സന്തോഷം ഉള്ളതായും ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുന്നതായും പ്രേദേശവാസികൾ പറഞ്ഞു.