ജിജി ലൂക്കോസ്
തിരുവനന്തപുരം: ഉത്രാട ദിനത്തിൽ ആനവണ്ടി പാഞ്ഞത് വെറുമൊരു പാച്ചിലായിരുന്നില്ല, ഒരു ജീവൻ തിരിച്ചുപിടിക്കാനുള്ള പറക്കലായിരുന്നു.
കിളിമാനൂരിന് അടുത്തുള്ള തട്ടത്തുമലയിൽ നിന്നു വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജ് വരെയായിരുന്നു ആനവണ്ടി എന്നു ഓമനപ്പേരുള്ള കെഎസ്ആർടിസി ബസിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരിലൊരാളുടെ ജീവൻ രക്ഷിക്കാനായത്.
വൈകാതെ ആശുപത്രിയിലെത്തിച്ചതിനാൽ അത്യാഹിതത്തിൽ നിന്നു യാത്രക്കാരൻ രക്ഷപ്പെട്ടു.
കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ ആർപിഎ 649 എന്ന ബസ് തിരുവനന്തപുരത്തേക്ക് ഇന്നലെ രാവിലെ നടത്തിയ ട്രിപ്പിലായിരുന്നു സംഭവം.
ബസ് തട്ടത്തുമലയിലെത്തിയപ്പോൾ പിന്നിൽ നിന്നിരുന്ന ചെങ്ങമനാട് സ്വദേശി സാബു ജോർജ് (59) ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു.
ഇതേ തുടർന്ന് ബസ് നിർത്തി യാത്രക്കാരനെ നിലത്തു കിടത്തി ബസിലുണ്ടായിരുന്ന നഴ്സ് പത്തനാപുരം സ്വദേശി ശ്രീവിദ്യയും വട്ടപ്പാറ സ്വദേശി സന്തോഷും ചേർന്ന് പ്രാഥമിക ശ്രുശ്രൂഷ നൽകി.
എന്നാൽ, ആ സമയത്ത് യാത്രക്കാരനു പൾസ് തീരെ കുറവായിരുന്നെന്നും അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്നും ശ്രീവിദ്യ പറഞ്ഞു.
ഇതോടെ ബസിലെ ഡ്രൈവർ വൈക്കം ടിവി പുരം സ്വദേശി എൻ.കെ. ബൈജുവും കണ്ടക്ടർ എം. വിനോദും ചേർന്ന് യാത്രക്കാരനെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനായി ബസ് അതിവേഗം പാഞ്ഞു.
കിളിമാനൂരിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും അവിടെ അടിയന്തര സേവനങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജിലെത്തിച്ചു.
അവിടെ നൽകിയ അടിയന്തര ചികിത്സയ്ക്കു ശേഷം സാബു ജോർജിനെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്കു മാറ്റി.
മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തതാണ് തന്റെ ജീവൻ രക്ഷിക്കാനായതെന്നു സാബു പറഞ്ഞു. മെഡിക്കൽ കോളജിനടുത്ത് ലബോറട്ടറി ജീവനക്കാരനാണ് സാബു.