കൊച്ചി: മാസ്ക് ധരിക്കാൻ നിർദേശിച്ചതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടു ട്രാൻസ്ജെൻഡർമാർ അറസ്റ്റിലായി.
കോട്ടയം സ്വദേശികളായ സന്ദീപ് (25), സിജു (32) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നോർത്ത് സ്റ്റേഷനിലെ എസ്ഐ വി.ബി. അനസിനെയും, പോലീസ് ഉദ്യോഗസ്ഥനായ ജിനേഷിനെയുമാണ് ട്രാന്‍സ്ജെന്‍ഡർമാർ ആക്രമിച്ചത്.
ഇന്നലെ പുലര്‍ച്ചെ 1.15 ഓടെ ജഡ്ജസ് അവന്യൂ സിഗ്നല്‍ ഭാഗത്തായിരുന്ന സംഭവം. പതിവ് പട്രോളിംഗിനിടെ പോലീസ് മാസ്ക് ധരിക്കാതെ നിന്ന ട്രാന്‍സ്ജെന്‍ഡർമാരോട് മാസ്ക് ധരിക്കാന്‍ നിർദേശിച്ചു. തുടർന്ന് വാക്കേറ്റം ഉണ്ടായി.
ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞ സംഘം പോലീസുകാരെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ ട്രാന്‍സ്ജെന്‍ഡർമാർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് സന്ദീപിനെയും സിജുവിനെയും മണപ്പാട്ടിപറമ്പ് ഭാഗത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലേക്ക് മാറാന്‍ ചികിത്സ നടത്തുന്ന പുരുഷന്മാരാണ് തങ്ങളെന്നാണ് അറസ്റ്റിലായ സന്ദീപും സിജുവും അവകാശപ്പെടുന്നത്.
രാത്രികാലങ്ങളിലുള്ള ട്രാന്‍സ്ജെന്‍ഡർമാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും, നൈറ്റ് പട്രോളിംഗിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ. ലാല്‍ജി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.