തായ്ലന്ഡിലെ ഖാവോ യായ് നാഷണല്‍ പാര്‍ക്കിലെ ഒരു ആനയുടെ പരാക്രമങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ചെറിയൊരു തെറ്റിദ്ധാരണയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നിൽ.
നിനക്കെന്താ ഇവിടെ കാര്യം
ഭക്ഷണം തേടി ഇറങ്ങിയതായിരുന്നു ആ കൊമ്പൻ. തേടിത്തേടി നാഷണല്‍ പാര്‍ക്കില്‍ എത്തി.
നോക്കുമ്പോള്‍ ദേ തന്റെ മുന്നില്‍ മറ്റൊരു കൊമ്പന് തലയൊക്കെ ഉയര്‍ത്തി ഗമയില്‍ അങ്ങനെ നില്ക്കുന്നു. കാട്ടില്‍ നിന്നു വന്ന കൊമ്പന് ആദ്യം പാര്‍ക്കില്‍ നില്ക്കുന്ന കൊമ്പനെ ചുറ്റിപ്പറ്റിയൊക്കെ നടന്നു.
ആകെയൊന്നു വീക്ഷിച്ചു. തരക്കേടില്ലാത്ത കൊന്പൻ! തന്നെക്കാള്‍ അല്‍പ്പം തലയെടുപ്പുണ്ടോ എന്നൊരു സംശയം. ചെറുതായൊന്നു മുട്ടി നോക്കി.
അവന് കുലുക്കമൊന്നുമില്ല. ആഹാ അത്രയ്ക്കായോ. കാട് വിറപ്പിച്ചു നടക്കുന്ന എന്നെ കണ്ടിട്ടും എന്താ ഒരു ബഹുമാനക്കുറവ്.
നിനക്കെന്താ ഇവിടെ കാര്യം എന്ന മട്ടിലില്‍ പിന്നെ ചെറുതായൊന്നു ചിന്നം വിളിച്ചു. അപ്പോഴും പാര്‍ക്കിലെ കൊമ്പന് കുലുക്കമൊന്നുമില്ല.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ
പിന്നെ പൊരിഞ്ഞ യുദ്ധമായിരുന്നു. തന്റെ ശക്തി മൊത്തം പുറത്തെടുത്ത് പാര്‍ക്കിലെ കൊമ്പനെ ആക്രമിക്കാന്‍ തുടങ്ങി.
ഇടിച്ചും കുത്തിയും തുമ്പിക്കൈകൊണ്ട് വലിച്ചും പറ്റാവുന്ന രീതിയിലൊക്കെ ആക്രമിച്ചു. ഒടുവില്‍ പാര്‍ക്കിലെ കൊമ്പന് ചെരിഞ്ഞു! താനാണു വിജയിയെന്ന് ഒന്നൂടെ ഉറപ്പിച്ച് അവന് കാട്ടിലേക്ക് നടന്നു.
അയ്യോ അത് പ്രതിമയാ!
സംഭവം കണ്ടുകൊണ്ടുനിന്നവര്ക്ക് ആദ്യം കാര്യമൊന്നും മനസിലായില്ല. കാരണം പാര്‍ക്കിലെ ‘കൊമ്പന്’ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയിരിക്കുന്ന ഒരു പ്രതിമയായിരുന്നു!
ഇവനെ എന്തിനാണ് കാട്ടിലെ കൊമ്പന് ആക്രമിക്കുന്നതെന്ന് എല്ലാവരും ചിന്തിച്ചു.
പിന്നെയല്ലേ കാര്യം പിടികിട്ടിയത്. അത് ജീവനുള്ളതാണെന്നും തന്റെ എതിരാളിയാണെന്നും കരുതിയായിരുന്നു പരാക്രമമൊക്കെ.
ആന കാടുകയറിയതോടെ പാര്‍ക്കിലെ ജീവനക്കാര്‍ എത്തി ചെരിഞ്ഞ കൊമ്പനെ നേരെയാക്കി. ഇനി ഇതുപോലൊരബദ്ധം ഉണ്ടാകാതിരിക്കാന്‍ പാര്‍ക്കിന്റെ മറ്റൊരു വശത്തേക്ക് മാറ്റിവച്ചു.
എന്തായാലും ആന ആവേശത്തില്‍ ആളുകളെയൊന്നും ഉപദ്രവിക്കാതിരുന്നതും ആശ്വാസകരമാണ്. പക്ഷേ, പാവം വെറുതെ അത്രയും ഊര്‍ജം കളഞ്ഞല്ലോ?പറ്റിക്കപ്പെട്ടല്ലോ എന്നതാണ് വീഡിയോ കണ്ട പലരുടെയും സങ്കടം.