സ്വന്തം ലേഖകൻ
തൃശൂർ: ബിജെപിയിൽ പ്രത്യക്ഷമായി കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ശോഭ യുഡിഎഫിലേക്കെന്ന പ്രചരണവും ശക്തിയാകുന്നു.
എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസും മുന്നണിവിട്ട് യുഡിഎഫിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായ സൂചനകൾക്കൊപ്പമാണ് ശോഭയുടെ യുഡിഎഫ് പ്രവേശനവും ചർച്ചയാകുന്നത്.
ശോഭയുടെ നേതൃത്വത്തിൽ ബിഡിജഐസ് യുഡിഎഫിലേക്ക് എത്തുമെന്നാണ് പുതിയ സൂചനകൾ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ്, നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ഇതു സംബന്ധിച്ച് ധാരണകളുണ്ടാകുമെന്നാണ് സംസാരം.
ബിഡിജെഎസ് നീക്കം
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ സംബന്ധിച്ച ധാരണകളായ സാഹചര്യത്തിൽ അടിയന്തരമായി യുഡിഎഫിലേക്കു പോകുന്നതു ഗുണം ചെയ്യില്ലെന്ന കണക്കുകൂട്ടലിലാണ് ബിഡിജെഎസ്.
മാത്രമല്ല ഇപ്പോൾ ബിഡിജെഎസ് കൂടി മുന്നണിയിലേക്കു വന്നാൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ എല്ലാ സീറ്റുധാരണകളും പൊളിച്ചെഴുതേണ്ടി വരുമെന്നതിനാൽ യുഡിഎഫിനും അവരുടെ വരവിനോടു ഇപ്പോൾ താത്പര്യമില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനായി ബിഡിജെഎസ് എത്തുകയാണെങ്കിൽ കൂട്ടുകൂടുന്നതിലും ഒന്നോ രണ്ടോ സീറ്റുകൾ അവരുമായി വച്ചുമാറുന്നതിലും കുഴപ്പമില്ലെന്ന കണക്കുകൂട്ടലാണ് യുഡിഎഫിലുള്ളത്.
ശോഭ സുരേന്ദ്രൻ ബിജെപി വിടുമെന്ന ശക്തമായ അഭ്യൂഹത്തിനൊപ്പം ശോഭ ഇനിയെവിടേക്കെന്ന ചോദ്യവും ഉയരുന്നുണ്ട്. എൽഡിഎഫിലേക്കില്ലെന്ന് ശോഭ വ്യക്തമാക്കിയിട്ടുണ്ട്.
പരസ്യവിമർശനം
രാഷ്ട്രീയ വനവാസം അവസാനിപ്പിച്ച് പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച് വീണ്ടും രാഷ്ട്രീയരംഗത്ത് ശോഭ സജീവമാകുന്നുണ്ടെങ്കിലും ബിജെപിയിലെ നേതാക്കൾ ശോഭയെ കാര്യമായി പരിഗണിക്കുന്നില്ല.
നേതൃത്വത്തെ വിമർശിച്ച ശോഭയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ലെന്ന അഭിപ്രായം പോലും പാർട്ടിക്കുള്ളിൽ ശക്തമാണ്. ശോഭക്കെതിരെ നടപടിയെടുക്കണമെന്ന വാദവും ഒരു വിഭാഗമുയർത്തിയിട്ടുണ്ട്.
ഈ ഘട്ടത്തിൽ ബിഡിജെഎസ് മുന്നണി വിടാതിരിക്കാനുള്ള തന്ത്രങ്ങൾ എൻഡിഎ നേതൃത്വവും സംസ്ഥാനത്തെ ബിജെപി നേതൃത്വവും കൈക്കൊള്ളുന്നുണ്ട്.