ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ജാതി അധിക്ഷേപം. സർക്കാർ ഉദ്യോഗസ്ഥനെ കാലുപിടിപ്പിച്ച സവർണനാണു ജാതി വിവേചനം വീണ്ടും ചർച്ചയാക്കിയത്.
കോയന്പത്തൂരിലെ അന്നൂർ താലൂക്കിലെ ഒട്ടർപ്പാളയത്തെ ദളിതനായ റവന്യു വകുപ്പ് ജീവനക്കാരൻ മുത്തുസ്വാമിക്കാണു ദുരനുഭവം നേരിടേണ്ടിവന്നത്.
ഒട്ടർപാളയം വില്ലേജ് ഓഫീസിൽ എത്തിയ ഗോപിനാഥ് എന്ന യാൾ സ്വത്തുവിവരങ്ങളുടെ രേഖകൾ ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസറായ കലൈശെൽവി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാൻ ഗോപിനാഥിനോട് ആവശ്യപ്പെട്ടു.
ഇതിഷ്ടപ്പെടാതെ ഗോപിനാഥ് കലൈശെൽവിയോടു തട്ടിക്കയറി. സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഇയാൾ കൂട്ടാക്കിയില്ല.
ഇതിനിടെ വില്ലേജ് അസിസ്റ്റന്റായ മുത്തുസ്വാമി ഇടപെട്ടു രേഖകളില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞു. ഇതിൽ പ്രകോപിതനായ ഗോപിനാഥ് ജാതി അധിക്ഷേപം നടത്തി മുത്തുസ്വാമിക്കെതിരേ ഭീഷണി മുഴക്കി. കൊന്നുകളയുമെന്നും പറഞ്ഞു.
ഇതോടെ മുത്തുസ്വാമി ഗോപിനാഥിന്റെ കാലിൽവീണു മാപ്പുപറഞ്ഞു പ്രശ്നം ഒതുക്കുകയായിരുന്നു. വില്ലേജ് ഓഫീസിൽ എത്തിയ മറ്റൊരാളാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചു സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
മുത്തുസ്വാമി കാലു പിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നു ജില്ലാ പോലീസ് മേധാവി സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ വിമർശനവുമായി പ്രമുഖരും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ രംഗത്തെത്തി.