ചങ്ങനാശേരി: ന്യൂജെൻ ബൈക്ക് അഭ്യാസ പ്രകടനക്കാർക്കെതിരെ സംസ്ഥാനത്താകമാനം ’ഓപ്പറേഷൻ റാഷി’നു തുടക്കമായി.
അമിതവേഗം, ബൈക്ക് റേസിംഗ്, അഭ്യാസപ്രകടനങ്ങൾ മൊബൈലിൽ പകർത്തൽ തുടങ്ങിയ നിയമലംഘന നടപടികൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ഓപ്പറേഷൻ റാഷിന് ഉത്തരവിട്ടിരിക്കുന്നത്.
ഉത്തരവ് വിവിധ ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒമാർ ഉൾപ്പെടെ മോട്ടോർവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി.
മോട്ടോർ വാഹനവകുപ്പിന്റെ നിബന്ധനകൾക്കു വിരുദ്ധമായി ബുള്ളറ്റുകൾ, ബൈക്കുകൾ എന്നിവയ്ക്ക് മോഡിഫിക്കേഷൻ നടത്തി ഓടിക്കുന്നവർക്കെതിരേയും കർശന നടപടികൾ സ്വീകരിക്കും.
നിയമലംഘനം നടത്തുന്നതിനായി മനഃപൂർവം രജിസ്റ്റർ നന്പർ ഊരിമാറ്റി സഞ്ചരിക്കുന്ന ബൈക്കുകൾ കണ്ടെത്താനുള്ള നടപടികളും കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ചങ്ങനാശേരിയിൽ അഭ്യാസ പ്രകടനത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നാണ് അശ്രദ്ധമായും അപകടകരമായും ബൈക്ക് ഓടിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.