വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ മലയോര കർഷകർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. അത്തരത്തിലൊരു വിദ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുള്ള് കന്പി കൊണ്ട് ചുറ്റിവരിഞ്ഞിരിക്കുന്ന ഒരു തെങ്ങിന്റെ ചിത്രമാണിത്. കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ തെങ്ങാണ് ഇത്തരത്തിൽ മുള്ള് കന്പികൊണ്ട് ചുറ്റിക്കെട്ടിയിരിക്കുന്നത്.
കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണിതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റ്. ഫാ. ജോബിൻ വലിയപറമ്പിൽ ആണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
തെങ്ങിനോട് ചേർത്ത് വരിഞ്ഞു ചുറ്റിയിരിക്കുന്ന മുള്ള് കമ്പി…കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന തെങ്ങിൽ കണ്ട കാഴ്ചയാണിത്.
ഇതെന്തായിരിക്കും ഇതിന്റെ പിന്നിലെ ഗുട്ടൻസ് എന്ന് ചിന്തിച്ചപ്പോഴാണ് എസ്റ്റേറ്റിന്റെ നടത്തിപ്പുകാരനായ അഗസ്റ്റിൻ വടക്കനച്ചൻ പറഞ്ഞത്, ഇത് കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണെന്ന്.
രാത്രി കാലങ്ങളിൽ തന്റെ കരുത്ത് തെളിയിക്കാൻ വരുന്ന കൊമ്പൻ ആദ്യം തന്റെ മസ്തകം കൊണ്ട് തെങ്ങിനെ ഒന്ന് പതിയെ തള്ളി നോക്കും.
തെങ്ങ് ഉലയുമ്പോൾ നല്ല ശക്തിയായി അതിനെ ഉന്തി മറിച്ചിടുക എന്നത് ആശാന് അത്യന്തം ആവേശകരമായ ഒന്നാണത്രേ.
ഒടുവിൽ കാട്ടാനയുടെ പരാക്രമം കൊണ്ട് പറമ്പിലെ തെങ്ങുകൾക്കൊന്നും നിലനിൽപ്പില്ല എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു പരീക്ഷണം.
ഇതൊരു വൻ കണ്ടു പിടുത്തമൊന്നുമല്ലെങ്കിലും മലയോര കർഷകന്റെ അതിജീവിനത്തിനായുള്ള പോരാട്ടത്തിന്റെ വേറിട്ട മാതൃക എന്ന നിലയിൽ പൊതു സമൂഹത്തിൽ അവതരിപ്പിക്കപ്പെടേണ്ട ഒന്നാണെന്ന് തോന്നിയതുകൊണ്ട് ഇവിടെ പങ്കു വയ്ക്കുന്നത്.
ജീവിതത്തിൽ ഒരു കാന്താരിചീനി പോലും വച്ചു പിടിപ്പിച്ചിട്ടില്ലാത്തവരും.. ഒരു തെങ്ങിൻ കൈയ്ക്ക് പോലും വെള്ളം കോരിയിട്ടിലാത്തവരും..
ഒരു വഴക്കൂമ്പിനെ പോലും തൊട്ടു തലോടിയിട്ടില്ലാത്തവരുമായ ചില ഹരിത വർത്തമാനക്കാർക്ക് ചാനലുകളിലെ അന്തിചർച്ചയിൽ തങ്ങൾ അനുഭവിക്കാത്ത ജീവിതമത്രയും കെട്ടുകഥയാകുന്നത് യാദൃശ്ചികം മാത്രം..