നെടുമ്പാശേരി : യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി വിദേശത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയ കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന, സ്ഥാനമൊഴിയുന്ന കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുന്നു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വിഷയം ഇന്നു നിയമസഭയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിതുറക്കും. കേസിന്റെ തുടക്കം മുതൽ സംസ്ഥാന മന്ത്രിസഭയിലെ പലരെയും കേന്ദ്രീകരിച്ച് പല ഊഹാപോഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും കേസ് ഒതുക്കിത്തീർക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻതന്നെ തുറന്നുപറയുന്നത് ഇതാദ്യമായാണ്.
നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർക്കും പങ്കുണ്ടെന്ന പരാമർശം വൻ വിവാദത്തിന് വഴിതെളിഞ്ഞിരുന്നു.
ഇതേത്തുടർന്ന് സംസ്ഥാന സർക്കാരും കസ്റ്റംസും തമ്മിൽ തുറന്ന പോരിന് ഇടയാക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ സ്വർണക്കടത്ത് കേസിലും കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പെട്ടെന്ന് കമ്മീഷണർക്ക് സ്ഥലംമാറ്റ ഉത്തരവ് എത്തിയത്.
ഈ കുറ്റപത്രത്തിലും സർക്കാരിലെ ഉന്നതരുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ പരാമർശങ്ങൾ ഉണ്ടാകുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ മൂന്നാം ദിവസമാണ് കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ മഹാരാഷ്ട്രയിലെ ഭീവണ്ടി ജിഎസ്ടി കമ്മീഷണറായി സ്ഥലം മാറ്റിയത്.