റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ ചൊള്ളനാവയലിലെ വാറ്റുകേന്ദ്രം സ്ത്രീകൾ അടിച്ചു തകർത്തു.
ലോക്്ഡൗണ്‍ നിയന്തണം നിലവിൽ വന്ന് ബെവ്കോ ഒൗട്ട്ലെറ്റുകൾ അടച്ചതുമുതൽ ചൊള്ളനാവയലിലും സമീപപ്രദേശങ്ങളിലും വാറ്റു കേന്ദ്രങ്ങൾ സജീവമായിരുന്നു.
മദ്യപാനവും വില്പനയും വർധിച്ചതോടെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. വൈകുന്നേരങ്ങളിൽ മദ്യപശല്യം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും റോഡിലൂടെ നടക്കാനും കഴിയാത്ത അവസ്ഥയായെന്ന് നാട്ടുകാർ പറഞ്ഞു.
പോലീസിലും എക്സൈസിലും പരാതികൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.വീടുകളിലും ശല്യം വർധിച്ചതോടെ സ്ത്രീ കൂട്ടായ്മ വാറ്റുകേന്ദ്രത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.
വാറ്റു കേന്ദ്രം ആക്രമിച്ച സ്ത്രീകൾ വാറ്റുപകരണങ്ങളും ജാറും വിറകുകളും നശിപ്പിച്ചു.
വാറ്റുസംഘങ്ങൾ സ്ഥലത്തെത്തിയെങ്കിലും സ്ത്രീകളുടെ സംഘബലത്തിനു മുന്നിൽ പ്രതികരിക്കാനാവാതെ പിൻവാങ്ങി.
കണ്ടു നിന്ന ആരോ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വൈറൽ ആകുകയും പോലീസ്, എക്സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി പരിശോധന നടത്തുകയും ചെയ്തു.