പത്തനാപുരം: പത്തനാപുരം പട്ടാഴിയിൽ സ്പിരിറ്റ് കഴിച്ച രണ്ടു പേർ മരിച്ചു. പട്ടാഴി വിളക്കുടി സ്വദേശി പ്രസാദ്, സ്വകാര്യ ആശുപത്രിയിലെ സി എഫ് എൽ ടി സി യിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം സ്പിരിറ്റ് കഴിച്ച രാജീവ്, ഗോപി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരുടെ കാഴ്ചക്ക് തകരാർ ഉണ്ടായിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് നാലു പേരും സ്പിരിറ്റ് കഴിച്ചത്. പ്രസാദ് പുലർച്ചെയും മുരുകാനന്ദൻ പത്തിനു ശേഷവുമാണ് മരിച്ചത്.
മുരുകാനന്ദൻ ജോലി ചെയ്യുന്ന പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെ സി എഫ് എൽ ടി സി യിലെ സർജിക്കൽ സ്പിരിറ്റ് മോഷ്ടിച്ച് നാലു പേരും കഴിച്ചതായാണ് വിവരം.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റിന്റെ അളവിൽ കുറവ് വന്നതായി ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
പോലീസും എക്സൈസ് സംഘവും ആശുപത്രിയിലെത്തി രാജീവ്, ഗോപി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. സ്പിരിറ്റ് കഴിച്ചതായി ഇരുവരും മൊഴി നൽകിയിട്ടുണ്ട്.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണ കാരണം സ്പിരിറ്റ് കഴിച്ചതു തന്നെയാണോ എന്ന് വ്യക്തമാവുകയുള്ളൂ.
രണ്ടു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന ഉപയോഗ യോഗ്യമല്ലാത്ത സര്‍ജിക്കൽ സ്പിരിറ്റാണ് ആശുപത്രിയിൽ നിന്ന് കാണാതായത്. കോവിഡ് വ്യാപനത്തെ തുടർന്ന് പഴയ ആശുപത്രി സിഎഫ്എൽടിസിയാക്കി മാറ്റുകയാണ് ഉണ്ടായത്.