മൂവാറ്റുപുഴ: കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധിയെ തുടർന്നു കടം വർധിക്കുന്നതിനാൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.
സ്ഥിരമായി സാധനങ്ങൾ വാങ്ങിയിരുന്ന സ്ഥാപനങ്ങളിൽ നിന്നു കടം പറഞ്ഞാണ് ആളുകൾ ഇപ്പോൾ സാധനങ്ങൾ വാങ്ങുന്നത്. സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നവർക്ക് കടം നൽകിയില്ലെങ്കിൽ പിന്നീട് കച്ചവടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ കടം നൽകാൻ വ്യാപാരികൾ നിർബന്ധിതരായി തീരുകയാണ്.
ഓരോ ദിവസം കഴിയുന്തോറും കടം വർധിക്കുകയാണെന്നും ഈ നിലയിൽ അധികനാളുകൾ പിടിച്ചുനിൽക്കാനാവില്ലെന്നും ചെറുകിട വ്യാപാരികൾ പറയുന്നു.
ഉയർന്ന തുക വാടകയും ഡിപ്പോസിറ്റും നൽകി മുറി വാടകയ്ക്കെടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികളാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വാടകപോലും നൽകാനാകാത്ത സ്ഥിതിയാണെന്നും ഇവർ പറയുന്നു.
നഷ്ടം വർധിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്തുവന്നിരുന്ന ജീവനക്കാരുടെ എണ്ണം വെട്ടിചുരുക്കിയിരിക്കുകയാണ്.
പലചരക്ക്, സ്റ്റേഷനറി, വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്തു വന്നിരുന്നവരെയാണ് കൂടുതലും പിരിച്ചുവിട്ടിരിക്കുന്നത്. ചില സ്ഥാപനങ്ങളിൽ തൊഴിൽദിനങ്ങൾ ആഴ്ചയിൽ രണ്ടോമൂന്നോ ദിവസമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.