സ്വന്തം ലേഖകൻ
തൃശൂർ: വിമാനത്താവളങ്ങളിൽ 15 രൂപയ്ക്കു ചായ നൽകണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എയർപോർട്ട് അഥോറിറ്റിക്കു നിർദേശം നൽകി.
കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ നടപടി.
വിമാനത്താവളത്തിൽ ചായയ്ക്കും കാപ്പിക്കും സ്നാക്സിനും ഇരുന്നൂറു രൂപ വീതമാണ് വില ഈടാക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ കൊള്ളയടിക്കലാണ് ഇത്.
സാധാരണക്കാർക്ക് 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും നാടൻ പലഹാരവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം അഡ്വ. ഷാജി മോദിക്കു കത്ത് അയച്ചിരുന്നു.
ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നെടുമ്പാശേരി അടക്കമുള്ള വിമാനത്താവളങ്ങളിലേക്കു പ്രധാനമന്ത്രിയുടെ ഓഫീസ് സർക്കുലർ അയച്ചു.
ഇതേത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും നാടൻ പലഹാരവും നൽകുന്ന കൗണ്ടർ തുടങ്ങി.
ഇക്കാര്യം നെടുന്പാശേരി വിമാനത്താവളം അധികൃതർ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്വ. ഷാജിയെ ഇക്കാര്യം അറിയിച്ചതോടെ വിമാനത്താവളത്തിലെ ചായവിശേഷം വാർത്തയായി.
ഒരു വർഷത്തിനുശേഷം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിൽ സാധാരണക്കാർക്കു മിതമായ നിരക്കിൽ ചായ ലഭിക്കുന്നുണ്ടോയെന്ന് അഡ്വ. ഷാജി തിരക്കി.
മിക്കയിടത്തും അങ്ങനെയൊരു സൗകര്യം ഇല്ലെന്നാണ് വിവരാവകാശ നിയമമനുസരിച്ചുള്ള നോട്ടീസുകൾക്കു ലഭിച്ച മറുപടി. ഈ മറുപടികൾ സഹിതമാണ് അഡ്വ. ഷാജി പ്രധാനമന്ത്രിക്കു വീണ്ടും പരാതി അയച്ചത്.
എല്ലാ വിമാനത്താവളങ്ങളിലും സാധാരണക്കാർക്കു താങ്ങാവുന്ന നിരക്കിൽ ചായയും കാപ്പിയും നാടൻ പലഹാരവും നല്കണമെന്ന അപേക്ഷയിൽ നടപടിയെടുക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് എയർപോർട്ട് അഥോറിറ്റിക്കു നിർദേശം നൽകിയിരിക്കുന്നത്.