സ്വന്തം ലേഖകൻ

തൃശൂർ: പച്ചക്കറിക്കു വില കത്തിക്കയറുകയും മത്സ്യത്തിനു കടുത്ത ക്ഷാമമാകുകയും ചെയ്തെങ്കിലും ശക്തൻ തന്പുരാൻ നഗർ മാർക്കറ്റുകൾ ഉടനേ തുറക്കില്ല.
കോവിഡ് വ്യാപനം തടയാനുള്ള കരുതലെന്ന നിലയിൽ രണ്ടാഴ്ച മുന്പാണ് മാർക്കറ്റുകൾ അടച്ചത്. കോവിഡ് വ്യാപന ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെയാണു മാർക്കറ്റുകൾ അടച്ചുപൂട്ടിയത്.
ശക്തൻ തന്പുരാൻ മാർക്കറ്റുകളിലെ 25 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയവരടക്കം 1,700 പേരെ പരിശോധിച്ചിരുന്നു.
ഇതേത്തുടർന്ന് ശക്തൻ മാർക്കറ്റിലെ എല്ലാവരോടും വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചിരുന്നു. കോവിഡ് മാനദണ്ഡം അനുസരിച്ച് രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ക്ലസ്റ്റർ നിയന്ത്രണങ്ങളിൽനിന്ന് മാറ്റൂ.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി ശക്തൻ മാർക്കറ്റിലുള്ളവർക്കു കോവിഡ് രോഗം ബാധിച്ചെന്നു റിപ്പോർട്ടു ചെയ്തത്. അടുത്ത വ്യാഴാഴ്ചവരെ ക്ലസ്റ്റർ വ്യവസ്ഥ അനുസരിച്ചുള്ള അടച്ചുപൂട്ടൽ തുടരേണ്ടിവരുമെന്നു സാരം.
കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലസ്റ്റർ പ്രഖ്യാപിക്കുന്നതും ഒഴിവാക്കുന്നതും ജില്ലാ കളക്ടറാണ്. രണ്ടാഴ്ച അടച്ചിട്ടതോടെ പച്ചക്കറിക്കും മത്സ്യ ത്തിനും കടുത്ത ക്ഷാമമാണ്. കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന പച്ചക്കറിക്ക് 40 മുതൽ 60 രൂപ വരെ യായി വില.