മുക്കം: മാസങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തി കുന്നിടിച്ച് കൂട്ടിയിട്ട ലോഡ് കണക്കിന് മണ്ണ് എടുത്തു മാറ്റാൻ നടപടിയില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തിന് ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ചെറുവാടി സിഎച്ച്സിയിലേക്ക് മണ്ണ് വൻ തോതിൽ ഒലിച്ചിറങ്ങിയിട്ടുണ്ട്. ഇതോടെ ആശുപത്രി പ്രവർത്തിപ്പിക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്.
ഡിപ്പാർട്ട്മെന്റ് തലത്തിൽ പരാതി നൽകിയിട്ടും യാതൊരു പരിഹാരവും കാണാനായിട്ടില്ല. ആശുപത്രിയ്ക്ക് മുകൾഭാഗത്തായി കുന്നിടിച്ച് നിരത്തി മണ്ണ് അവിടെത്തന്നെ ഒരു വർഷത്തോളമായി കൂട്ടിയിട്ടിരിക്കുകയായിരുന്നു.
വേനൽ മഴയിൽ കൂട്ടിയിട്ട മണ്ണ് ഒരു കിലോമീറ്ററോളം നീളത്തിൽ ഒലിച്ചിറങ്ങി സമീപ റോഡിലേക്കും വീടുകളിലേക്കും പതിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മണ്ണ് ഒലിച്ചിറങ്ങി റോഡിന് സമീപമുള്ള അഴുക്കുചാലുകളും മറ്റും അടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ വേനൽ മഴയിൽ മണ്ണ് ഒലിച്ചിറങ്ങി വീടുകളിലും റോഡുകളിലും നിരന്നത്.
ദുരിതത്തിലായ നാട്ടുകാർ പഞ്ചായത്ത് അതികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അഴുക്ക് ചാലിലെയും റോട്ടിലേയും മണ്ണ് നീക്കാൻ നടപ്പടിയെടുക്കുമെന്ന് അതിക്രതർ ഉറപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കിണറിലേക്കും ചളിമണ്ണ് ഇറങ്ങിയ അതിനാൽ പ്രയാസം സൃഷ്ടിച്ചിരുന്നു.
ഉയരത്തിൽ ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടതിനാൽ ഏത് നിമിഷവും താഴ്ഭാഗത്തേക്ക് പതിക്കാനും സാധ്യത ഏറെയാണ്. അത് വലിയ അപകടങ്ങൾക്കും കാരണമാവും. കുന്നിടിച്ച മണ്ണ് പൂർണമായും അവിടെനിന്ന് എടുത്ത് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.