തിരുവമ്പാടി: ആനക്കാംപൊയില്‍ പതങ്കയത്ത് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മോക്ഡ്രില്‍ നാട്ടുകാരെയാകെ പരിഭ്രാന്തരാക്കി. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട നാല് യുവാക്കളെ രക്ഷിക്കുന്നതാണ് പരിശീലനത്തിനായി ആവിഷ്കരിച്ചത്. അപ്രതീക്ഷിതമായി അപകടവാര്‍ത്ത കേട്ട ജനങ്ങള്‍ പ്രദേശത്തേക്ക് ഒഴുകിയെത്തി. ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥരും ഫയര്‍ എന്‍ജിനും ആംബുലന്‍സുകളും അപകടസ്ഥലത്തെത്തിയിരുന്നു.
പുഴയില്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ സേനാംഗങ്ങള്‍ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് കരക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി ആംബുലന്‍സില്‍ കയറ്റി. ജനം ശ്വാസമടക്കിയാണ് ഇതെല്ലാം കണ്ടുനിന്നത്. ഒടുവിലാണ് ഇത് കോടഞ്ചേരി ഗവ. കോളജില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ദുരന്തനിവാരണ സേനയുടെ പരിശീലന പരിപാടിയാണെന്ന് മിക്കവര്‍ക്കും മനസ്സിലായത്.
ഡെപ്യൂട്ടി കളക്ടര്‍ സുബ്രമണ്യം, അഡീഷണല്‍ തഹസില്‍ദാര്‍ ഉദയന്‍, ഹെഡ്ക്വാര്‍ട്ടേര്‍സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷിജു, തിരുവമ്പാടി വില്ലേജ് ഓഫീസര്‍ കല്പ്പവല്ലി, മുക്കം ഫയര്‍ഫോഴ്സ് , തിരുവമ്പാടി പോലീസ്, ഗവ. ആശുപത്രി, ഡോക്ടര്‍മാര്‍, കോളജ് അധ്യാപകരായ വൈ.സി ഇബ്രാഹിം, ഒ.എസി. അബ്ദുള്‍ കരീം, ആനക്കാംപൊയില്‍ പുനര്‍ജനി സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.