ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ രാവിലെ 6.25നാണ് മോദി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.
ഭാരത് ബയോടെക്ക് രാജ്യത്തു വികസിപ്പിച്ച കോവാക്സീൻ ആണ് മോദി സ്വീകരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അർഹരായ എല്ലാ പൗരന്മാരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പിന്നീടു പറഞ്ഞു.
കോവിഡ് 19ന് എതിരേ നടക്കുന്ന ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്താൻ നമ്മുടെ ഡോക്ടർമാരും ഗവേഷകരും എങ്ങനെ അതിവേഗം പ്രവർത്തിച്ചു എന്നത് ശ്രദ്ധേയമാണെന്നും മോദി ട്വിറ്ററിൽ പറഞ്ഞു.
നമുക്കൊരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാമെന്നും വാക്സിൻ എടുക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി പൊതു മുന്നറിയിപ്പുകളൊന്നുമില്ലാതെ രാവിലെ ആറിന് ഡൽഹി എയിംസിൽ എത്തിയത്.
6.25ന് വാക്സിൻ സ്വീകരിച്ച അദ്ദേഹം 6.50 വരെ എയിംസിൽ തുടർന്നു.
കുത്തിവയ്പ്പു നൽകിയത് പുതുച്ചേരിസ്വദേശിനിയായ നഴ്സ്, സംഘത്തിൽ തൊടുപുഴക്കാരിയും
പുതുച്ചേരി സ്വദേശിനിയായ നഴ്സ് പി. നിവേദയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്പ്പു നൽകിയത്. പുതുച്ചേരിക്കാരിയാണെന്നു പറഞ്ഞപ്പോൾ മോദി വണക്കം എന്ന് അഭിവാദ്യം ചെയ്തു.
വേദനയെടുത്തില്ല, സന്തോഷമായി, നന്ദി എന്നായിരുന്നു കുത്തിവയ്പ്പിനുശേഷമുള്ള പ്രതികരണമെന്ന് നിവേദ സ്വകാര്യ ചാനലിനോടു പറഞ്ഞു.
ആറു മണിക്ക് തയാറായി ഇരിക്കണം, ഒരു വാക്സിൻ എടുക്കാനുണ്ട് എന്നു മാത്രമായിരുന്നു നിവേദയ്ക്കു എയിംസ് അധികൃതർ നൽകിയിരുന്ന അറിയിപ്പ്. ആർക്കാണ് നൽകുന്നതെന്നു പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി എത്തിയപ്പോൾ മാത്രമാണ് കാര്യം അറിയുന്നത്.
തൊടുപുഴക്കാരിയായ നഴ്സ് റോസമ്മ അനിലും വാക്സിൻ നൽകിയ ആരോഗ്യപ്രവർത്തകരുടെ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്രതീക്ഷിത നീക്കം,രാഷ്്ട്രീയം ചാലിച്ച്നിരീക്ഷകർ
എയിംസിനു പുറത്ത് പ്രത്യേക മുന്നൊരുക്കങ്ങളോ ഗതാഗത നിയന്ത്രണങ്ങളോ ഇല്ലാതെയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കാൻ എത്തിയതെന്നത് ശ്രദ്ധേയമായി. ആശുപത്രിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കു മാത്രമാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിയാമായിരുന്നത്.
നരേന്ദ്ര മോദിയുടെ വേഷത്തിലും നഴ്സുമാരെ തെരഞ്ഞെടുത്ത രീതിയിലും രാഷ്ട്രീയം കാണുകയാണ് നിരീക്ഷകർ. അസം സന്ദർശനവേളയിൽ അവിടുത്തെ സ്ത്രീകൾ സമ്മാനിച്ച ഗമോച എന്ന ഷാൾ അണിഞ്ഞാണ് മോദി എത്തിയത്. മിക്കപ്പോഴും മാസ്ക് ആയും മോദി ഇതുപയോഗിക്കാറുണ്ട്.
വാക്സിൻ നൽകിയത് പുതുച്ചേരിക്കാരിയായതും, സംഘത്തിൽ മലയാളി നഴ്സ് ഉൾപ്പെട്ടതും യാദൃച്ഛികമല്ലെന്ന് വിലയിരുത്തുന്നു. അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായതാണ് ഇതിലെല്ലാം രാഷ്ട്രീയം ചാലിക്കാൻ നിരീക്ഷകർ മുന്നിട്ടിറങ്ങുന്നത്.
രാജ്യത്ത് വാക്സിൻ നടപ്പാക്കാനായത് രാഷ്ട്രീയ നേട്ടമായി ബിജെപി ഉയർത്തിക്കാട്ടുന്നുമുണ്ട്. പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിച്ചുള്ള ബോർഡുകൾ എയിംസിനു സമീപത്തടക്കം പലയിടങ്ങളിലുണ്ട്.
വാക്സിനേഷൻ തുടങ്ങിയ വേളയിൽ ആദ്യഘട്ടം ആരോഗ്യപ്രവർത്തകരും മുൻനിര പോരാളികളും സ്വീകരിക്കട്ടെ എന്ന നിലപാടാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞിരുന്നത്. രണ്ടാം ഘട്ടത്തിൽ ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് വാക്സിൻ സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.