കുമളി: കോവിഡ് -19-നെതുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന റിസോർട്ട് പൊളിച്ച് ഉപകരണങ്ങൾ മോഷ്ടിച്ചു വിറ്റ തേക്കടിയിലെ റിസോർട്ട് മാനേജർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.
ആലപ്പുഴ ഹരിപ്പാട് പായിപ്പാട് കിളത്ത് വീട്ടിൽ രതീഷ് പിള്ള (35), കുമളി തേക്കടി പുതുപ്പറന്പിൽ പ്രഭാകരപിള്ള(61), കുമളി കൊല്ലംപട്ടട അരുണ്‍ ഹൗസിൽ നീതി രാജ (36) എന്നിവരാണ് പിടിയിലായത്. ഏതാനും പേർകൂടി പോലീസ് നിരീക്ഷണത്തിലാണ്.
തേക്കടിയിൽ പ്രവർത്തിക്കുന്ന സാജ് ഫ്ളൈറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജംഗിൾ വില്ലേജ് റിസോർട്ടിൽനിന്നുമാണ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ മൂന്നുകോടിയോളം രൂപ വിലമതിക്കുന്ന വാതിൽ, ജനൽ, തടി പാനലുകൾ, കെട്ടിട ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, എയർ കണ്ടീഷണറുകൾ, ടെലിവിഷൻ സെറ്റുകൾ, ഇരുപതിനായിരം ലിറ്ററിന്റെ അഞ്ചു വാട്ടർ ടാങ്കുകൾ, സിസിടിവികൾ, വൈദ്യുതോപകരണങ്ങൾ, സ്വിമ്മിംഗ് പൂളിലെ വെള്ളം ചൂടാക്കുന്നതിനും വെള്ളം പുറത്തേക്കു കളയുന്നതിനുമുള്ള ഉപകരണങ്ങൾ, കട്ടിലുകൾ, ബെഡുകൾ ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു വിറ്റത്.
അടുത്തിടെവരെ ജംഗിൾ വില്ലേജ് റിസോർട്ട് മറ്റൊരു ഹോട്ടൽ ശൃംഖലയ്ക്ക് പാട്ടത്തിനു നൽകിയിരിക്കുകയായിരുന്നെന്ന് ഉടമ സാജൻ പറയുന്നു. ലോക്ക്ഡൗണ്‍ മൂലം വിനോദ സഞ്ചാരികൾ എത്താതിരുന്നതിനാൽ റിസോർട്ട് അടച്ചിട്ടിരിക്കുകയായിരുന്നു.
ഇവിടെ ഹോട്ടലിന്റെ മനേജർ രതീഷ് പിള്ളയും സെക്യൂരിറ്റി ജീവനക്കാരായ പ്രഭാകരപിള്ളയും നീതിരാജുമാണ് ഉണ്ടായിരുന്നത്.
റിസോർട്ട് പാട്ടത്തിനെടുത്തവർ അവരുടെ കാലാവധി കഴിഞ്ഞതോടെ റിസോർട്ട് ഉടമയ്ക്ക് കൈമാറിയിരുന്നു. റിസോർട്ട് പാട്ടത്തിനെടുക്കാൻ മറ്റൊരാൾ എത്തി പരിശോധന നടത്തിയപ്പോഴാണ് കെട്ടിടങ്ങൾ പൊളിച്ചതായി ശ്രദ്ധയിൽപെട്ടതെന്നും ഇക്കാര്യം അറിഞ്ഞയുടൻ പോലീസിൽ പരാതി നൽകിയതായും ഉടമ പറയുന്നു.
റിസോർട്ടിൽ ആകെ 52 മുറികളാണുള്ളത്. ഈ മുറികളിലുണ്ടായിരുന്ന ടിവി, തടി അലമാരകൾ, ഡ്രസിംഗ് ടേബിളുകളും അടുക്കളയിലെ ടേബിൾസ്പൂണ്‍ മുതൽ ചിമ്മിനിവരെയും മോഷ്ടിച്ച് കടത്തി.
റിസോർട്ടിനോടനുബന്ധിച്ചുള്ള കോട്ടേജുകളുടെ ജനാലകൾ, കട്ടിള, വാതിലുകൾ, തടി പാനലുകൾ എന്നിവയും ഇളക്കിമാറ്റി കടത്തിക്കൊണ്ടു പോയിട്ടുണ്ട്.
മോഷ്ടിക്കപ്പെട്ടവ പൂർണമായും ആളുകൾക്കു വിറ്റ് പണമാക്കിയതായും പോലീസ് പറയുന്നു. റിസോർട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉടമ പഴയ സാധനങ്ങൾ വിൽക്കുകയാണെന്നാണ് ജീവനക്കാർ പറഞ്ഞിരുന്നത്.
ജനുവരിക്കുശേഷം ജീവനക്കാർക്ക് ശന്പളം ലഭിച്ചില്ലെന്നും ഇതിനാലാണ് ഇവ മോഷ്ടിച്ച് വിൽപന നടത്തിയതെന്നും പിടിയിലായവർ മൊഴി നൽകി.
കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്ഐമാരായ പ്രശാന്ത് പി. നായർ, അരുണ്‍ കുമാർ, ഷാജി തോമസ്, വി. സന്തോഷ്കുമാർ, എഎസ്ഐമാരായ ബെർട്ടിൻ, അക്ബർ, സിയാദ്, സുധീർ, ഗോപകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. ഇടുക്കി ഡോഗ് സ്ക്വാഡിലെ പോലീസ് നായ സ്റ്റെഫിയും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.