നെടുങ്കണ്ടം: ഒരുവർഷം മുന്പ് പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽനിന്നും പഞ്ചലോഹ വിഗ്രഹം മോഷണംപോയ കേസിൽ രണ്ട് പ്രതികളെ കന്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
അന്യാർതൊളു ആനിവേലിൽ ശശി (പ്രസാദ് – 48), കൽത്തൊട്ടി കാനാട്ട് റെജി ജോസഫ്(48) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കള്ളുഷാപ്പിൽ നടന്ന സംസാരമാണ് കേസിന് വഴിത്തിരിവായത്.
മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം പറയുകയായിരുന്നു. വിറ്റാൽ 50,000 രൂപ കിട്ടുമെന്നും വിഗ്രഹം സുഹൃത്തിന്റെ പക്കലുണ്ടെന്നുമാണ് പറഞ്ഞത്.
2021 ജനുവരി 11ന് രാത്രിയിലാണ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയത്.
വിഗ്രഹം മോഷണം പോയശേഷം ക്ഷേത്രം ഭരണസമിതി പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും തുന്പൊന്നും ലഭിച്ചിരുന്നില്ല.
ഇതോടെ കേസ് അന്വേഷണം തടസപ്പെട്ടു. ഇതിനിടെയാണ് ഷാപ്പിലിരുന്ന് ശശി വെളിപ്പെടുത്തൽ നടത്തിയത്.
ഈ വിവരം ക്ഷേത്രം ഭാരവാഹികൾ അറിയുകയും ശശിയെ കന്പംമെട്ട് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ശശി മോഷണം സമ്മതിക്കുകയും വിഗ്രഹം സുഹൃത്ത് റെജി ജോസഫിനെ എൽപ്പിച്ചതായി പറയുകയും ചെയ്തു.
തുടർന്ന് റെജിയുടെ വിട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ കിടപ്പുമുറിയിൽ ബിഗ് ഷോപ്പറിലാക്കി ചാക്കിൽ പൊതിഞ്ഞ നിലയിൽ പഞ്ചലോഹ വിഗ്രഹം കണ്ടെത്തുകയുമായിരുന്നു.