ഛത്തീസ്ഗഡില്‍ മന്ത്രവാദിയെന്ന് സംശയിച്ച് 30കാരിയെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
മുടിയില്‍ പിടിച്ച് വലിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു. ഒടുവില്‍ ഇവരുടെ ഒരു ബന്ധു എത്തിയാണ് നാട്ടുകാരുടെ രോഷത്തില്‍ നിന്ന് യുവതിയെ രക്ഷിച്ചത്.
ജാഷ്പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് നാട്ടുകാര്‍ ആക്രമിച്ചത്. മന്ത്രവാദിയെന്ന് സംശയിച്ചാണ് നാട്ടുകാരുടെ ആക്രമണമെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ അടക്കം 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ കുട്ടികള്‍ക്കൊപ്പം വീട്ടില്‍ ഇരിക്കവേയാണ് സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്.
ഒരു സംഘം ആളുകള്‍ വാതിലില്‍ മുട്ടുകയും അലറുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അപകടം ഭയന്ന് വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയ സംഘം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ അടക്കം ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ചിലര്‍ യുവതിക്ക് നേരെ കല്ലെറിഞ്ഞു.
യുവതിയുടെ കരച്ചില്‍ കേട്ട് ബന്ധു ഓടിയെത്തി രക്ഷയ്ക്ക് എത്തുകയായിരുന്നു.യുവതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അതേസമയം നാട്ടുകാരുടെ രോഷം അകന്നിട്ടില്ല.
അയല്‍വാസിയായ 13കാരിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിയുടെ ആരോഗ്യനില മോശമാണ്.
കുട്ടിയെ ചികിത്സയ്ക്കാന്‍ വീട്ടില്‍ മറ്റൊരു മന്ത്രവാദി എത്തി. വായുവില്‍ എറിഞ്ഞ കോടാലി മര്‍ദ്ദനത്തിന് ഇരയായ സ്ത്രീയുടെ വാതിലില്‍ വന്നാണ് ഇടിച്ചത്. 30കാരിയുടെ ദുര്‍മന്ത്രവാദമാണ് 13കാരിയുടെ മാനസിക നില തെറ്റിച്ചതെന്ന് മന്ത്രവാദി പ്രവചിക്കുകയും ചെയ്തു.
വീണ്ടും മന്ത്രവാദവുമായി മുന്നോട്ടുപോയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവതിയെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തി.ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായതോടെ ഭ്രാന്തിളകിയ നാട്ടുകാര്‍ ഇവരെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നു.