വീട്ടുജോലിയ്ക്ക് നിര്ത്തിയ പത്തുവയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചെന്നാരോപിച്ച് പൈലറ്റിനെയും ഭര്ത്താവിനെയും പൊതിരെ തല്ലി ജനക്കൂട്ടം.
ഡല്ഹിയിലെ ദ്വാരകയിലാണ് സംഭവം പൈലറ്റ് യൂണിഫോമിലുളള യുവതിയെ ആള്ക്കൂട്ടം വലിച്ചിട്ട് തല്ലുന്നതിന്റെ വീഡിയോ ഇപ്പോള് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തല്ലരുതേയെന്ന് യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും അതു വകവെയ്ക്കാതെ ഒരുകൂട്ടം സ്ത്രീകള് യുവതിയുടെ മുടിയില്പിടിച്ച് വലിച്ചിട്ട് തല്ലുന്നത് വീഡിയോയില് കാണാം.
യുവതി ക്ഷമ ചോദിച്ചെങ്കിലും ആള്ക്കൂട്ടം അതുകേള്ക്കാതെ മര്ദനം തുടരുകയായിരുന്നു.
ഈ സമയത്ത് യുവതിയുടെ ഭര്ത്താവിനെയും ഒരു സംഘം ആളുകള് മര്ദിച്ചു. ആള്ക്കൂട്ട ആക്രമണത്തില് നിന്ന് ഭാര്യയെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാള്ക്ക് നേരെ ആക്രമണം ഉണ്ടായത്.
രണ്ടുമാസം മുന്പാണ് പെണ്കുട്ടി പൈലറ്റിന്റെ വീട്ടില് ജോലിക്കായി എത്തിയത്. പെണ്കുട്ടിയുടെ കൈകളിലെ മുറിവുകള് കണ്ട ബന്ധു ഇന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്ന്ന് ദമ്പതികള് പെണ്കുട്ടിയെ ക്രൂരമായി മര്ദിച്ചെന്ന വാര്ത്ത പ്രദേശമാകെ പരന്നു. പെണ്കുട്ടിയുടെ കൈയിലും കണ്ണിനും താഴെയുള്ള മുറിവേറ്റ പാടുകള് കണ്ടതോടെ ആള്ക്കൂട്ടം ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു. പെണ്കുട്ടിയുടെ കൈയില് പൊള്ളലേറ്റ പാടുകള് കണ്ടെത്തിയതായി മുതിര്ന്ന പോലീസ് ഉദ്യോസഥന് പറഞ്ഞു.
പെണ്കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും കുട്ടിക്ക് കൗണ്സിലിംഗ് നല്കിയതായും അദ്ദേഹം പറഞ്ഞു.
ബാലവേല നിയമം ഉള്പ്പടെ വിവിധ വകുപ്പുകള് പ്രകാരം ദമ്പതികള്ക്കെതിരേ കേസ് എടുത്തതായും അദ്ദേഹം പറഞ്ഞു.