കോളജ് വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം. തൃശൂരിലെ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്.
സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പ്രതികരിച്ചു.
മര്‍ദനത്തിനിടെ വസ്ത്രധാരണത്തെക്കുറിച്ചും പരാമര്‍ശിച്ചതായി വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹായിക്കാതെ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് അമല്‍ പറയുന്നത്.
മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ നിലത്തേക്ക് തള്ളി ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
നിങ്ങള്‍ക്ക് തോന്നിയതുപോലെ സമൂഹത്തില്‍ നടക്കാനാകില്ലെന്ന് ആക്രോശിച്ചാണ് അക്രമി സംഘം മര്‍ദിച്ചതെന്ന് അമല്‍ പറയുന്നു.
താന്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവരെന്തിന് ഇടപെടണമെന്ന് മര്‍ദനത്തിനുശേഷം അമല്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ചോദിച്ചു.
എന്നാല്‍ അമല്‍ നാട്ടുകാരില്‍ ചിലരെ ആക്രമിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ അക്രമാസക്തരായതെന്നും ചിലര്‍ പറയുന്നുണ്ട്.
പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണപ്പോള്‍ അടുത്തുവന്ന നാട്ടുകാരോട് അമല്‍ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്്.
അമലിന്റെ തലയില്‍ കല്ലുകൊണ്ട് പരിക്കേല്‍പ്പിച്ച ഡേവിസ് എന്ന ആളെ ഒല്ലൂര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാള്‍ക്കെതിരായ പോലീസ് നടപടികള്‍ പുരോഗമിച്ചുവരികയാണ്. പ്രത്യാക്രമണം നടത്തിയതിന്റെ പേരില്‍ അമലിനെതിരെയും കേസുണ്ട്.