കടുത്തുരുത്തി: ഫയൽ വാങ്ങാനെത്തിയ ആൾ കടയിൽ നിന്നും മൊബൈൽ ഫോണ്‍ മോഷ്ടിച്ചു കടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ കടുത്തുരുത്തി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്. കടുത്തുരുത്തി പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനതാ സ്റ്റോഴ്സിലാണ് മോഷണം നടന്നത്.
കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നും അന്‍പത് മീറ്റർ മാത്രം ദൂരത്തിലാണ് കട പ്രവർത്തിക്കുന്നത്. പാലകര സ്വദേശി അനിയുടേതാണ് കട. അനിയുടെ ഭാര്യ സ്മിതയാണ് സംഭവം നടക്കുന്പോൾ കടയിലുണ്ടായിരുന്നത്. സംഭവസമയത്ത് പ്രായമായൊരു സ്ത്രീയും പെണ്‍കുട്ടിയും സാധനം വാങ്ങുന്നതിനായി കടയിലുണ്ടായിരുന്നു.
ഈ സമയത്ത് കടയിലെത്തിയ വയോധികനായ മോഷ്ടാവ് സ്മിതയോട് ഫയൽ ഉണ്ടോയെന്ന് ചോദിച്ചു. സ്മിത ഫയൽ എടുക്കുന്നതിനിടെ മേശയിൽ വച്ചിരുന്ന മൊബൈൽഫോണുമായി ഇയാൾ സ്ഥലം വിടുകയായിരുന്നു. കടയിലുണ്ടായിരുന്ന കുട്ടി ഇതു കണ്ടിരുന്നു.
മൊബൈൽ കാണാതെ വന്നതോടെ സ്മിത ഇതു തിരയുന്നത് കണ്ടപ്പോളാണ് ഫയൽ ചോദിച്ചെത്തിയ ആൾ മൊബൈൽ ഫോണ്‍ എടുത്തുകൊണ്ടുപോയ കാര്യം കുട്ടി പറയുന്നത്. തുടർന്ന് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സമീപത്തെ കടയിലെ സി സി ടിവി ദൃശ്യത്തിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു.
പോലീസ് നടത്തിയ തിരച്ചലിൽ സെൻട്രൽ ജംഗ്ഷനിലെ മറ്റൊരു കാമറയിൽ ഇയാൾ എറണാകുളം ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്ന ചിത്രം പോലീസിന് ലഭിച്ചു.