മൊബൈൽ ടവറുകൾ സംബന്ധിച്ചു ജനങ്ങൾക്കുള്ള ഭീതിയും അജ്ഞതയും മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് ഈ അഭിപ്രായമുയർന്നത്.
കേരളത്തിൽ സമീപകാലത്തായി ബാധിച്ചിരിക്കുന്ന കാൻസറോഫോബിയ ആണ് മൊബൈൽ ടവറുകൾക്കു പിന്നിലെ വിവാദങ്ങൾക്കു കാരണമെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ അഡീഷണൽ പ്രഫസർ ഡോ. കെ. ചന്ദ്രമോഹൻ പറഞ്ഞു. ജീനുകൾക്കുണ്ടാകുന്ന വ്യതിയാനമാണു കാൻസറിനു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അതിന് റേഡിയേഷൻ ഒരു കാരണമാണ്.
എന്നാൽ മൊബൈൽടവറുകളിൽനിന്നുള്ള ചൂടോ റേഡിയേഷനോ ഇതിനു കാരണമല്ല. ടവറിനേക്കാൾ വില്ലൻ പോക്കറ്റിലും കൈയിലും വയ്ക്കുന്ന ഫോണ്‍ ആണ്. നമ്മുടെ ചുറ്റിലുമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നെല്ലാം കൂടിയ അളവിൽ റേഡിയേഷൻ ഉണ്ട്. ഇതൊക്കെ ശരീരത്തിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതാണ്. സൂര്യരശ്മിയാണ് മറ്റൊന്ന്. ഇപ്പോൾ ഉയർന്നതോതിലാണ് സൂര്യനിൽനിന്നുളള അണുവികിരണം. ഇതു തടയുന്ന ഓസോണ്‍ പാളി ദുർബലപ്പെട്ടുകഴിഞ്ഞു.
2005ൽ ബ്രിട്ടീഷ്, സ്വീഡീഷ് പഠനങ്ങളിലും 2011ൽ ഡാനിഷ് പഠനത്തിലും മൊബൈൽ ടവറിൽനിന്നുള്ള റേഡിയേഷൻ അപകടകരമാണെന്നു തെളിയിച്ചിട്ടില്ല. മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങളിലും കാൻസർ സാധ്യത കണ്ടെത്താനായിട്ടില്ല. ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽഫോണ്‍ ഒരു കാരണവശാലും നൽകരുത്. അത് അവരുടെ രക്തത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. ചന്ദ്രമോഹൻ പറഞ്ഞു.
ടെലികോം എൻഫോഴ്സ്മെന്റ് റിസോഴ്സ് ആൻഡ് മോണിട്ടറിംഗ് (ടേം) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി. സുനിത മൊബൈൽ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചു വിശദീകരിച്ചു. സൂര്യരശ്മിക്ക് മൊബൈൽ ടവർ റേഡിയേഷനേക്കാൾ ആയിരം മടങ്ങ് ശക്തിയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇതുവരെ 15000 ലേറെ ടവറുകൾ പരിശോധിച്ചിട്ടുണ്ട്. എന്നാൽ ഒരിടത്തും റേഡിയേഷൻ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മൊബൈൽ ടവറുകൾ തേനീച്ച, പക്ഷികൾ എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നതിനും തെളിവില്ലെന്നും പക്ഷികൾ ടവറിനു മുകളിൽ കൂടുവയ്ക്കുന്നത് ഇതിന് ഉദാഹരണമാണെന്നും സുനിത പറഞ്ഞു. ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. നിക്ഷിപ്ത താത്പര്യത്തോടെ ഒരുവിഭാഗം മൊബൈൽ ടവറുകൾക്കെതിരേ അനാവശ്യ വിവാദം ഉയർത്തുകയാണെന്നു കളക്ടർ ചൂണ്ടിക്കാട്ടി.
ടവർ സംബന്ധിച്ചു നിയമപരമായ കാര്യങ്ങളെക്കുറിച്ചു സതീശനും തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ പാലിക്കേണ്ട നിയമപരമായി കാര്യങ്ങളെക്കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് റിട്ട. അഡീഷണൽ സെക്രട്ടറി കെ.സി. ജോസഫും വിശദീകരിച്ചു. ടേം ഡയറക്ടർ ടി. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള സെക്രട്ടറിമാരും മറ്റ് ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.