കോട്ടയം: മൊബൈൽ കണക്ഷൻ ആധാറുമായി ബന്ധപ്പെടുത്തുന്നവർ ശ്രദ്ധിക്കുക: നിങ്ങളുടെ പേരിൽ മൊബൈൽ കന്പനികൾ അനുവാദം കൂടാതെ പേമെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കും. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സബ്സിഡി തുകകൾ ഈ അക്കൗണ്ടുകളിലേക്ക് നിങ്ങൾ അറിയാതെ മാറ്റപ്പെടും- കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ശബ്ദസന്ദേശത്തിൽ കാര്യമുണ്ട്.
മൊബൈൽ കന്പനികൾ നല്കുന്ന എം-പൈസ, എയർടെൽ മണി തുടങ്ങിയ സേവനങ്ങൾ പേമെന്റ് ബാങ്കിന്റെ ഭാഗമാണ്. മൊബൈൽ നന്പർ ആധാറുമായി ബന്ധിക്കുന്പോൾ ചില കന്പനികൾ ഉപയോക്താവ് ആവശ്യപ്പെടാതെയും അനുവാദമില്ലാതെയും പേമെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതായാണ് ആക്ഷേപം.
പേമെന്റ് ബാങ്കിൽ എയർടെൽ അവരുടെ 23 ലക്ഷം ഉപയോക്താക്കളുടെ പേരിൽ അനുവാദമില്ലാതെ അക്കൗണ്ട് ആരംഭിച്ചെന്ന് ഏതാനം ദിവസങ്ങൾക്ക് മുന്പ് “ദി ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. എയർടെൽ, വോഡഫോൺ, റിലയൻസ്, ആദിത്യ ബിർള (ഐഡിയ) എന്നീ മൊബൈൽ കന്പനികൾക്ക് പേമെന്റ് ബാങ്ക് തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി നല്കിയിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ ഗ്യാസ് സബ്സിഡി ലഭിക്കാതെ വന്നതോടെ ഉപയോക്താക്കൾ പരാതി നല്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അവസാനം ആധാർ ലിങ്ക് ചെയ്യുന്ന അക്കൗണ്ടിലേക്കാണ് ഗ്യാസ് സബ്സിഡി നല്കുക. ജൂൺ ഒന്പത് മുതൽ 47 കോടിയിലധികം രൂപയുടെ സബ്സിഡി എയർടെൽ മണിയിലെ വിവിധ അക്കൗണ്ടുകളിലെത്തിയതായാണ് റിപ്പോർട്ട്.
ഉപയോക്താക്കളുടെ ആവശ്യപ്രകാരമാണ് അക്കൗണ്ട് ആരംഭിച്ചതെന്നാണ് എയർടെൽ കന്പനിയുടെ വിശദീകരണം. അപ്പോൾ ഇത്രയധികം ഉപയോക്താക്കൾ പരാതിയുമായി എത്തിയത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു.
ഫെബ്രുവരി ആറുവരെ മൊബൈൽ നന്പർ ആധാറുമായി ബന്ധപ്പെടുത്താൻ സമയമുണ്ട്. എന്നാൽ, കന്പനികൾ ഉപയോക്താക്കൾക്ക് ഉടൻ ആധാറുമായി ബന്ധിപ്പിക്കണം എന്ന സന്ദേശമാണ് അയച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരം യാതൊരു കാരണവശാലും ദുരുപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം നിലനിൽക്കേ തന്നെയാണ് അനധികൃതമായി മൊബൈൽ കന്പനികൾ പേമെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതായി ആക്ഷേപം ഉയരുന്നത്.
എന്താണു പേമെന്റ് ബാങ്കിംഗ്?
പേമെന്റ് ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിനു മാത്രമേ അനുവാദമുള്ളു, വായ്പ നല്കാൻ അനുവാദമില്ല. ഒരു പണം സൂക്ഷിപ്പുകാരന്റെ സേവനമാണ് പേമെന്റ് ബാങ്ക് നിർവഹിക്കുന്നത് എന്ന് ചുരുക്കം. ഈ ബാങ്കിലെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപവരെ മാത്രമേ ബാലൻസ് സൂക്ഷിക്കാനാകൂ.
ബാങ്കുകൾ എടിഎം, ഇന്റർനെറ്റ് ബാങ്കിംഗ് അടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. മൊബൈൽ കന്പനികൾ കൂടാതെ പേടിഎം, ഫിനോടെക്, ചോളമണ്ഡലം, നാഷണൽ സെക്യൂരിറ്റീസ് കന്പനി, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് എന്നിവർക്കാണ് പേമെന്റ് ബാങ്ക് ലൈസൻസ് അനുവദിച്ചത്.
സോനു തോമസ്