തിരുവനന്തപുരം: മൊബൈൽ ഫോണ്‍ അഡിക്ഷൻ കുറയ്ക്കാൻ മൊബൈൽ ആപ്പുമായി ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിലെ(നിംഹാൻസ്) ഡോക്ടർമാർ.
നിംഹാൻസിലെ ദി സർവീസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്നോളജി ക്ലിനിക്കാണ് “ഡിജിറ്റൽ ഡീറ്റോക്സ് ചലഞ്ച് ’ എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ മൊബൈൽ ഉപയോഗരീതിയും ഉപയോഗദൈർഘ്യവും ദിവസേന രേഖപ്പെടുത്തും. ഓരോ ആഴ്ചയും അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സ്വയം സഹായ നിർദേശങ്ങൾ നൽകും.
ഗൂഗിൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും നിന്ന് ആപ്ലിക്കേഷൻ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്ന വിദഗ്ധപഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ് വികസിപ്പിച്ചത്.
ആപ് ഇൻസ്റ്റാൾ ചെയ്തശേഷം രജിസ്റ്റർ ചെയ്യുന്പോൾ ഉപയോക്താവിനെ സംബന്ധിച്ച വിവരങ്ങൾ നൽകണം.
ഒരു വർഷമായി ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന 240 ഓളം കോളജ് വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ 75.6 ശതമാനം കുട്ടികൾ തങ്ങളുടെ മൊബൈൽ ഫോണ്‍ ഉപയോഗരീതി ആരോഗ്യകരമായ രീതിയിലേക്കു മാറ്റിയതായി നിംഹാൻസിലെ ഡോക്ടർമാർ പറയുന്നു.