തിരുവനന്തപുരം: സ്കൂൾ കാന്പസിലും ക്ലാസ് റൂമുകളിലും കുട്ടികൾ മൊബൈൽ ഫോണ് ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.
കൊറോണാ വ്യാപനത്തിനുശേഷം സ്കൂളുകൾ നേരിട്ട് അധ്യയനം നടത്തുന്നതിനാൽ മൊബൈൽ ഫോണുകൾ സ്കൂളുകളിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ല.
അതുകൊണ്ടാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
സ്കൂളിലേക്കു വരുന്പോൾ മൊബൈൽ ഫോണ് കൊണ്ടുവരരുതെന്ന സർക്കുലർ നിലവിലുണ്ട്. ഈ സർക്കുലർ നിലനിൽക്കും.
ക്ലാസ് സമയത്ത് സ്കൂൾ വിദ്യാർഥികളെ മറ്റു പരിപാടികൾക്ക് കൊണ്ടുപോകുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
വിവിധ സർക്കാർ ഏജൻസികൾ എൻജിഒകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയനസമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്.
പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റൊരു പരിപാടികൾക്കും കുട്ടികളുടെ അധ്യയന സമയം കവർന്നെടുക്കുന്ന വിധത്തിൽ അനുമതി നൽകില്ലെന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞു.