ആലപ്പുഴ : വനിതാ അസിസ്റ്റൻറ് ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസറെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിന് സമൻസ് അയയ്ക്കാൻ വനിതാ കമ്മീഷൻ തീരുമാനിച്ചു. ഇന്നലെ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാ അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കലിന് സമൻസ് അയയ്ക്കാൻ വനിതാ കമ്മീഷൻ തീരുമാനിച്ചത്.
നിരന്തരമായി ഫോണിൽ വിളിച്ചു മാനസികമായി തളർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അസിസ്റ്റൻറ് ബിഡിഒ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. വിരമിക്കാൻ വെറും നാലുമാസം മാത്രമുള്ളപ്പോൾ പാർട്ടിയുടെ സ്വാധീനമുപയോഗിച്ച് ഹരിപ്പാട് സ്വദേശിയായ അസിസ്റ്റൻറ് ബിഡിഒയെ കണ്ണുരിലേക്കു സ്ഥലംമാറ്റി.
ഇതിനെതിരെ ബിഡിഒ കോടതിയെ സമീപിക്കുകയും സ്ഥലം മാറ്റത്തിന് സ്റ്റേഓർഡർ വാങ്ങുകയും ചെയ്തു.ഇതു പ്രസിഡന്റിനെ ചൊടിപ്പിക്കുകയും ബിഡിഒയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെ ചേർന്ന അദാലത്തിൽ പ്രജിത്ത് പങ്കെടുത്തില്ല.
അതിനാലാണ് പ്രജിത്തിനെതിരേ സമൻസ് അയയ്ക്കാൻ കമ്മീഷന്റെ നടപടി. ഭരിക്കുന്ന പാർട്ടിയാണ് മുകളിൽ നിൽക്കുന്നത് അല്ലാതെ ഉദ്യോഗസ്ഥയല്ലെന്നും താഴേയ്ക്കിടയിൽ മാത്രം നിങ്ങൾ പ്രവർത്തിച്ചാൽ മതിയെന്നും ഫോണിൽ വിളിച്ച് പ്രജിത്ത് ബിഡിഒയോട് പറഞ്ഞതായി കമ്മീഷനിൽ നല്കിയ പരാതിയിലുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് അവാർഡ് വാങ്ങുന്ന ബിഡിഒയ്ക്ക് തന്റെ ഇത്രയും കാലത്തെ സർവീസിനിടയ്ക്കുണ്ടായ ദുരനുഭവമാണിതെന്നും അവർ പറഞ്ഞു. ഒരു ജനപ്രതിനിധിക്കു യോജിച്ച പരിപാടിയല്ല പ്രസിഡൻറ് ചെയ്യുന്നതെന്നും ബിഡിഒ പറഞ്ഞു.
തൊഴിലിടങ്ങളിലും മറ്റും സ്ത്രീകൾ നേരിടുന്ന മാനസിക പിരിമുറുക്കങ്ങളും അവഗണനയുമായിരുന്നു കമ്മീഷനിലെത്തിയ പരാതികളിൽ അധികവും. ഓരോ അദാലത്ത് കഴിയുന്തോറും പരാതികൾ കൂടുന്നതല്ലാതെ കുറയുന്നില്ലെന്നും എം.എസ്. താര പറഞ്ഞു.
ചെന്നിത്തലയിലെ സ്വകാര്യ സ്കൂളിൽ പ്രസവാവധി കഴിഞ്ഞെത്തിയ അധ്യാപികയെ മാനേജ്മെൻറ് പുറത്താക്കിയ പരാതിയും കമ്മീഷനിലെത്തി. ചേർത്തലയിലെ സ്വകാര്യ എൻജിനിയറിംഗ് സ്കൂളിൽ അവധി കഴിഞ്ഞെത്തിയ അധ്യാപകയ്ക്കും പുറത്താക്കൽ നോട്ടീസാണ് ലഭിച്ചത്.
രണ്ടു പരാതിക്കും മാനേജ്മെന്റിന്റെ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷൻ ഉത്തരവായി. 100 പരാതികൾ ലഭിച്ചതിൽ 32 പരാതികൾ പരിഹരിച്ചു. 46 പരാതികൾ അടുത്ത അദാലത്തിലേയ്ക്കായി മാറ്റിവച്ചു. 22 പരാതികളിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.