സ്വന്തം ലേഖകൻ
തൃശൂർ: പ്യാജ് ക ബാവ് ഏക്ദം ആസ്മാൻ പഹൂൻച ഗയ, സാബ്…. (സവാളയുടെ വില ആകാശത്തു എത്തിയില്ലേ സാറേ), മൈബൈൽ റീചാർജിങ് ക റേറ്റ് ഭി ബട് ഗയ…. (മൊബൈൽ റീചാർജ് ചെയ്യുന്ന റേറ്റ് കൂടി വർധിപ്പിച്ചില്ലേ) – ദൈവത്തിന്റെ സ്വന്തം നാട്ടിൽ പണി തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ സവാള വില വർധിപ്പിച്ചതിലും മൊബൈൽ ഫോണ് നിരക്കുകൾ കൂട്ടിയതിലുമുള്ള വിഷമവും രോഷവും മറയില്ലാതെ പ്രകടിപ്പിച്ചു.
തൃശൂരിലടക്കം സംസ്ഥാനത്തെ നിരവധി ഭാഗങ്ങളിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങളടക്കമുള്ള പണികൾക്കായി എത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തതായിരുന്നു സവാള. വൈകീട്ട് പണി കഴിഞ്ഞു പോകുന്പോൾ പ്ലാസ്റ്റിക് കിറ്റിൽ സവാളയും പരിപ്പും കോഴിമുട്ടയുമൊക്കെയായി താമസ സ്ഥലത്തേക്ക് മടങ്ങുന്ന അന്യസംസ്ഥാനക്കാർ ഇപ്പോൾ സവാളയെ ഒഴിവാക്കിയിരിക്കുന്നു.
കിട്ടുന്ന പൈസ കൊണ്ട് സവാള മാത്രം വാങ്ങിയാൽ പോരല്ലോ എന്നാണ് ഇവരുടെ ചോദ്യം. മലയാളികളെ പോലെ അന്യസംസ്ഥാനക്കാരും സവാളയെ ഉപേക്ഷിച്ചിരിക്കുകയാണ്. പരിപ്പും സവാളയും പച്ചമുളകും ചേർത്തുണ്ടാക്കുന്ന സബ്ജി ഇപ്പോൾ തക്കാളിയും പരിപ്പും പച്ചമുളകും മാത്രം ചേർത്ത് സവാളയെ ഒഴിവാക്കിക്കൊണ്ടാണത്രെ ഉണ്ടാക്കുന്നത്.
സവാളയുടെ വില വർധന പോലെ തന്നെ അന്യസംസ്ഥാന തൊഴിലാളികളെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്നം മൊബൈൽ കന്പനികൾ നിരക്ക് വർധിപ്പിച്ചതാണ്.മിക്കദിവസവും വൈകീട്ട് പണികൾ കഴിഞ്ഞ് നാട്ടിലേക്ക് വിളിക്കുന്നത് പതിവാണെന്നും എന്നാൽ ഇപ്പോൾ മൊബൈൽ ഫോണ് നിരക്കുകൾ വർധിപ്പിച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇവർ പറയുന്നു. അതുകൊണ്ടുതന്നെ ദിവസേനയുള്ള വിളി കുറച്ചെന്നും ഇവർ പറഞ്ഞു.
ബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമെല്ലാമുള്ളവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നുണ്ട്.അവിടെയും സവാളയ്ക്ക് വൻ ഡിമാന്റാണെന്ന് വീട്ടിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞെന്നും ഇവർ പറഞ്ഞു.