ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഫോട്ടോ രോഗികളുടെ ബന്ധുക്കൾ മൊബൈൽ ഫോണിൽ പകർത്തുന്നത് വ്യാപകമാകുന്നു. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാവണമെന്നാണ് വനിതാ ജീവനക്കാരുടെ ആവശ്യം. പലരും നാണക്കേട് ഓർത്താണ് പരാതിക്ക് തയ്യാറാകാത്തതെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം വാർഡിനുള്ളിൽ തറ കഴുകിക്കൊണ്ടിരിക്കെ വാർഡിനുള്ളിൽ പ്രവേശിക്കണമെന്ന് വാശി പിടിച്ച യുവതിയോട് അൽപ്പം കഴിയട്ടെ എന്നു പറഞ്ഞതിനാണ് ജീവനക്കാരിയുടെ ഫോട്ടോയെടുത്തത്. വാർഡിനകത്ത് തറ വൃത്തിയാക്കുന്പോൾ രോഗികളുടെ കൂട്ടിരിപ്പുകാരെ വാർഡിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല. എന്നാൽ വാർഡ് കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു രോഗിയുടെ യുവതിയായ ബന്ധു വാർഡിനുള്ളിലേക്ക് പ്രവേശിക്കുവാൻ തുടങ്ങി. ഇത് ജീവനക്കാരി വിലക്കി.
അല്പ നേരം അവിടെ നിൽക്കൂ, കഴുകി വൃത്തിയായ ശേഷം അകത്തേക്ക് പ്രവേശിക്കാമെന്ന് ജീവനക്കാരി പറഞ്ഞു. എനിക്ക് കാത്തിരിക്കുവാൻ സമയമില്ലെന്നും നിന്നെയൊക്കെ കാണിച്ചു തരാമെന്നും പറഞ്ഞ് ഈ യുവതി ജീവനക്കാരിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി. ഫോട്ടോ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി അതിനെ എതിർത്തു.
ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. തുടർന്ന് ഹെഡ് നഴ്സിനോട് ജീവനക്കാരി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യുവതിയെ വിളിച്ചു വരുത്തി ഹെഡ് നഴ്സ് ഫോട്ടോ ഡിലീറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു. മോർച്ചറി പരിസരത്തും മൃതദേഹം പോലീസ് ഇൻക്വസ്റ്റ് ചെയ്യുന്പോഴും അനാവശ്യമായി ചിലർ ചിത്രങ്ങൾ മൊബൈലിൽ പകർത്താറുണ്ട്.
പീരുമേട് സബ് ജയിലിൽ മരിച്ച യുവാവിന്റെ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് ചെയ്യുന്നതടക്കമുള്ള മുഴുവൻ കാര്യങ്ങളും ഒരു യുവാവ് മൊബൈലിൽ പകർത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി പോലീസ് പോകുവാൻ തയ്യാറെടുക്കുന്പോഴാണ് ഒരു യുവാവ് സംഭവങ്ങൾ മൊബൈലിൽ പകർത്തുന്ന വിവരം അറിയുന്നത്.
മാധ്യമ പ്രവർത്തകർ ആയിരിക്കുമെന്ന ധാരണയിലാണ് പോലീസ് ആദ്യം പ്രതികരിക്കാതിരുന്നത്. പിന്നീട് ഈ യുവാവിനോട് ചോദിച്ചപ്പോൾ തമാശയ്ക്ക് വേണ്ടിയാണ് സംഭവം മൊബൈലിൽ ചിത്രീകരിച്ചതെന്ന് യുവാവ് പറഞ്ഞു. എന്നാൽ സംശയം തോന്നിയ പോലീസ് യുവാവിന്റെ ഫോണ് വാങ്ങിയ ശേഷം പിന്നിട് ഇയാളെ പറഞ്ഞു വിടുകയായിരുന്നു.