മനില: മോഷ്ടിക്കപ്പെട്ട സ്വന്തം മൊബൈൽ തങ്ങൾക്കു തന്നെ വില്ക്കാൻ ശ്രമിച്ച കള്ളനെ കൈയോടെ പൊക്കി ഉടമ. ഫിലിപ്പീൻസിലാണ് രസകരമായ ഈ സംഭവം നടന്നത്. തന്ത്രപരമായ നീക്കത്തിലൂടെ ഒരു സ്ത്രീയും മകളുമാണ് മോഷ്ടാവിനെ പിടികൂടിയതെന്ന് ഫിലിപ്പിനോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
റോഡിലൂടെ നടക്കവേ സ്ത്രീയുടെ മൊബൈൽ തട്ടിയെടുത്ത് യുവാവ് കടന്നു കളയുകയായിരുന്നു. വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ മൊബൈൽ നഷ്ടപ്പെട്ട വിവരം മനസിലാക്കിയ സ്ത്രീ മകളുടെ സഹായത്തോടെ ട്രാക്കുചെയ്തു കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോഷ്ടാവ് ട്രാക്ക് പ്രവർത്തനരഹിതമാക്കി ഫോൺ റീസെറ്റ് ചെയ്തതിനാൽ ശ്രമം പരാജയപ്പെട്ടു.
പിന്നീട് മോഷ്ടിക്കപ്പെട്ട മൊബൈൽ ഓൺലൈനിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷ്ടാവിനെ പിടികൂടാമെന്ന് പ്രതീക്ഷ വന്നത്. ഇതോടെ കസ്റ്റമർ എന്ന പേരിൽ ഫോൺ ഓൺലൈനിൽ ബുക്ക് ചെയ്യുകയും മോഷ്ടാവിനെ നേരിട്ട് കാണാനുള്ള അവസരം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. ഇതേക്കുറിച്ചുള്ള വിവരം പോലീസിനും കൈമാറി.
ഒടുവിൽ മോഷ്ടിച്ച ഫോൺ കൊടുത്തു പണം യുവാവ് എത്തിയതോടെ കാത്തുനിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. എന്നാൽ മൊബൈൽ മോഷ്ടിച്ചതല്ലെന്നും കളഞ്ഞുകിട്ടിയതാണെന്നുമാണ് യുവാവിന്റെ വാദം.