കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനായി ഡിറ്റക്ടറുകള്‍ ഉടന്‍ സ്ഥാപിക്കും.
സ്വര്ണക്കവര്ച്ചയുള്പ്പെടെ ജയിലുകളില്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൊബൈല്‍ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ജയില്‍വകുപ്പ് പുതിയ ഡിറ്റക്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
നേരത്തെ തന്നെ സര്‍ക്കാര്‍ അനുമതി നല്കിയതിനാല് ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
വിവിഐപി, വിഐപി സുരക്ഷയ്ക്കായി പോലീസിലെ ബോംബ് സ്ക്വാഡ് ഉപയോഗിക്കുന്ന നോണ്‍ ലീനിയര്‍ ജംഗ്ഷന് ഡിറ്റക്ടറാണ് (എന്‍എല്‍ജെഡി) ജയിലുകളിലേക്കും വാങ്ങാന്‍ തീരുമാനിച്ചത്.
വിദേശനിര്‍മിത ഉപകരണമായ എന്എല്ജെഡിക്ക് ലക്ഷങ്ങളാണ് വില. മണ്ണിനടിയില്‍ നാലു മീറ്റര്‍ വരെ താഴ്ചയില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചിപ്പുകളും ഡയോഡുകളും ഉണ്ടെങ്കില്‍ ഈ ഉപകരണം വഴി കണ്ടെത്താനാവും. കൂടാതെ വലിയ കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് അപ്പുറത്തുള്ള വസ്തുവായാലും കണ്ടെത്താനാവും.
ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജാമറുകള്‍ സ്ഥാപിച്ചുവെങ്കിലും തടവുകാര്‍ ഇവ നശിപ്പിച്ചിരുന്നു. മൊബൈല്‍ ഉപയോഗം വ്യാപകമായതോടെ 2007 ലായിരുന്നു ജാമര്‍ സ്ഥാപിച്ചത്.
20 ലക്ഷം രൂപ ചെലവഴിച്ചു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ജാമര്‍ സ്ഥാപിച്ചത്. എന്നാല്‍ തടവുകാര്‍ ഉപ്പു ശേഖരിച്ച് ജാമറിന്റെ യന്ത്രഭാഗങ്ങള്‍ നശിപ്പിക്കുകയായിരുന്നു. പിന്നീട് ജാമറുകള്‍ പുതിയതുവാങ്ങി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
ഇതോടെ ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും ചെയ്തു. ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മുന്‍കൂട്ടി അറിയിക്കാതെ ജയില്കോമ്പൗണ്ടുകളിലും സെല്ലുകളിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും മൊബൈല്‍ഫോണ്‍ ഉപയോഗം ഇല്ലതാക്കാന്‍ സാധിച്ചിരുന്നില്ല.