പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിലൂടെ സ്വകാര്യബസിൽ ഡ്രൈവറുടെ ഒറ്റക്കൈ അഭ്യാസം. കഴിഞ്ഞ ദിവസം പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ നിന്ന് തൃശൂരിലേക്ക് പോയ സെന്റ് ജോസ് എന്ന ബസിന്റെ ഡ്രൈവറാണ് അപകടകരമായ അഭ്യാസ പ്രകടനം നടത്തിയത്.
വലത് കയ്യിൽ പിടിച്ച മൊബൈലിൽ നോക്കി ഇടതു കൈകൊണ്ട് ഡ്രൈവർ ദീർഘദൂരം ബസ് ഓടിച്ചത്. മണപ്പുള്ളിക്കാവ് മുതൽ കുഴൽമന്ദം ചിതലി വരെ ഇതേ രീതിയിലായിരുന്നു യാത്ര.
മാത്രമല്ല, മുന്നിലേക്ക് നോക്കി ബസ് ഓടിക്കുന്നതിനു പകരം, തലകുനിച്ച് മൊബൈലിൽ നോക്കിയാണ് ബസ് ഓടിച്ചിരുന്നത്. ഇതേ തുടർന്ന് ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരനാണ് വിഡിയോ പകർത്തിയത്.
നാൽപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് വീഡിയോ അയച്ചുകൊടുത്തു. വിഷയത്തിൽ ഡ്രൈവറുടെ വാദം കൂടി കേട്ട് നടപടിയെടുക്കുമെന്ന് പാലക്കാട് ആർ.ടി.ഒ പറഞ്ഞു.