ആലുവ: കാർ ഓടിക്കുകയായിരുന്ന ഐടി ഉദ്യോഗസ്ഥന്റെ പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ കത്തിയത് ആശങ്ക പരത്തി. ബംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായ കരിയാട് സ്വദേശി ഫെബിന്റെ(30) ഫോണിനാണു തീപിടിച്ചത്. കൈക്കുഞ്ഞുമായി ആശുപത്രിയിൽ പോവുകയായിരുന്ന ഫെബിനൊപ്പം ഭാര്യയും മറ്റൊരു ബന്ധുവുമുണ്ടായിരുന്നു. സംഭവത്തെത്തുടർന്നു കാർ നിയന്ത്രണം വിട്ടെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ആലുവ ബൈപാസിൽ കാർ എത്തിയപ്പോൾ വാഹനത്തിനുള്ളിൽ പുക ഉയർന്നു. കാലിൽ വേദനതോന്നി നോക്കിയപ്പോൾ പാന്റ്സ് കത്തുന്നതാണു കണ്ടത്. കാലിൽ പൊള്ളലേല്‍ക്കുകയും ചെയ്തു. കാറിൽനിന്നാണു തീപടർന്നതെന്നു കരുതി പരിശോധിച്ചപ്പോഴാണു മൊബൈലിൽനിന്നു തീ പാന്റ്സിലേക്കു പടർന്നതാണെന്നു മനസിലായത്.ബാറ്ററിയിൽനിന്നാണു തീ പിടിച്ചത്. പൊള്ളലേറ്റ ഫെബിൻ ആശുപത്രിയിൽ ചികിത്സ തേടി.