ആളു സ്മാർട്ടാണെങ്കിലും ഫോണിനോടു കൂട്ടുകൂടുന്നതിന് ഒരു പരിധി വച്ചില്ലെങ്കിൽ അവൻ തിരിച്ച് ആപ്പ് വയ്ക്കും എന്നതിന് ഏറ്റവും പുതിയ ഉദാഹരണമായിരിക്കുകയാണ് ഒരു ചൈനാക്കാരൻ യുവാവിന്റെ കഥ. രണ്ടു ദിവസം ഉൗണും ഉറക്കവുമില്ലാതെ തുടർച്ചയായി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന ഗുവാംഗ്ഷു സ്വദേശി പക്ഷാഘാതത്തിനിരയായി. ഒരേയിരുപ്പിൽ തല കുന്പിട്ടിരുന്ന് മാരത്തണ്‍ ഗെയിമിംഗ് നടത്തിയ യുവാവിന് തലയും ഉയർത്താനാകാത്ത അവസ്ഥയായി.
തന്റെ പ്രിയപ്പെട്ട വീഡിയോ ഗെയിം രണ്ടു ദിവസം പിന്നിട്ട് മൂന്നാംദിവസം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് പിടലിയിൽ ഒരു വേദനയും പിടിത്തവും അനുഭവപ്പെട്ടത്. നിമിഷങ്ങൾക്കുളളിൽ തന്നെ യുവാവ് തളർന്നുവീണു. കുടുംബാംഗങ്ങൾ ഉടൻതന്നെ സണ്‍ യാറ്റ് സെൻ ആശുപത്രിയിലെത്തിച്ച് എംആർഐ അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് യുവാവിന് സെർവിക്കൽ സ്പോൻഡിലോസിസ് ഹിമാറ്റോമ ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
യുവാവിന്റെ കുത്തിയിരിപ്പിൽ സെർവിക്കൽ സ്പൈനൽ ട്യൂബ് ഞെരുങ്ങി രക്തം കട്ട പിടിച്ചതാണത്രേ കാരണം. ഉടൻ തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി, കട്ടപിടിച്ച രക്തം നീക്കി. ഇപ്പോൾ എല്ലാ അവയവങ്ങളും നന്നായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും വീണ്ടും ഒരു ഗെയിമിനുള്ള ബാല്യം കിട്ടണമെങ്കിൽ ഏതാനും ഫിസിയോതെറാപ്പി സെഷനുകൾകൂടി വേണ്ടിവരുമെന്ന് യുവാവിനെ ചികിത്സിച്ച ഡോ. ഹുയിയോംഗ് പറഞ്ഞു.