ഏറ്റുമാനൂർ: മൊബൈൽ ഫോണിലെ കളി മതിയാക്കി ട്യൂഷനു പോകാൻ പറഞ്ഞ അച്ഛനോടു പിണങ്ങി ഏഴു വയസുകാരനെ വീടുവിട്ടോടി. കോട്ടയത്തെ കൈപ്പുഴയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ സംഭവം.
സംഭവമറിഞ്ഞെത്തിയ പോലീസ് സമയോചിതമായി ഇടപെട്ടതിനാൽ കുട്ടി ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കളുടെ അടുത്തെത്തിക്കാനായി. വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച കുട്ടിയെ മിഠായി നൽകി അനുനയിപ്പിച്ചാണ് തിരികെ വീട്ടിലെത്തിച്ചത്.
അച്ഛനോട് പിണങ്ങി കുട്ടി വീടുവിട്ട് ഓടിയതിനെത്തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കുട്ടിയെ ആരോ കാറിൽ കടത്തിക്കൊണ്ടു പോയതായി പ്രചാരണമുണ്ടായത് വീട്ടുകാരെ പരിഭ്രാന്തരാക്കി.
പരാതി കിട്ടിയതിനെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് അന്വേഷണത്തിനിറങ്ങി. ഒരു മണിക്കൂറിന് ശേഷം കൈപ്പുഴ ആട്ടുകാരൻ കവലയിൽ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ, ഗ്രേഡ് എസ്ഐ സോണി ജോസഫ്, സിപിഒമാരായ എ. അനീഷ്, പി.സി. സജി, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.