ന്യൂഡൽഹി: മൊബൈൽ കന്പനികളെ രക്ഷിക്കാൻ മിനിമം ചാർജ് ഏർപ്പെടുത്തുന്നതിന് ആലോചന. സംസാരത്തിനും ഡാറ്റയ്ക്കും വെവ്വേറെ നിരക്കുണ്ടാകും. ടെലികോം കന്പനികൾ ഇരട്ട പ്രഹരഭീഷണിയിലാണ്. റിലയൻസ് ജിയോയുടെ വരവു മൂലം നിരക്കുകൾ കുത്തനെതാണു. അതേ സമയം സ്പെക്ട്രം നിരക്ക് കൂടി. ഇതുമൂലം കന്പനികൾ വലിയ സാന്പത്തിക ബാധ്യതയിലായി. ഏഴു ലക്ഷം കോടിരൂപയാണ് ടെലികോം മേഖലയുടെ മൊത്തം കടം.
ഇതു ലാഭക്ഷമതയെ ബാധിച്ചതിനിടെയാണ് സുപ്രീംകോടതി വിധി വഴി 1.33 ലക്ഷം കോടിരൂപയുടെ പുതിയ ബാധ്യത വന്നത്. വോഡഫോണ്‍ ഐഡിയയ്ക്ക് 51,000 കോടിരൂപ, എയർടെലിന് 23000 കോടി രൂപ, റിലയൻസ് കമ്യൂണിക്കേഷൻസിന് 31,000 കോടിരൂപ എന്നിങ്ങനെയാണ് ഇതുമൂലം സെപ്റ്റംബർ ത്രൈമാസത്തിൽ വന്ന നഷ്ടം.
സർക്കാർ സഹായിച്ചില്ലെങ്കിൽ വോഡഫോണ്‍ ഐഡിയ പാപ്പരാകും. റിലയൻസ് കമ്യൂണിക്കേഷൻസ് പാപ്പർ നടപടികളിലാണ്. എയർടെലിന് മൂലധനസഹായം കിട്ടിയാലേ നിലനിൽക്കാനാകൂ. പൊതുമേഖലാ കന്പനികളും നഷ്ടത്തിൽ തന്നെ.
ടെലികോം കന്പനി തകർന്നാൽ പൊതുമേഖലയിലേതടക്കം ബാങ്കുകൾക്ക് ഏഴു ലക്ഷം കോടി രൂപ നഷ്ടമാകും. ഇത് സന്പദ്ഘടനയിലുണ്ടാക്കുന്ന ബാധ്യത ഭീമമാണ്. ടെലികോമിൽ വരുന്ന ലക്ഷക്കണക്കിന് തൊഴിൽ നഷ്ടം രാഷ്ട്രീയമായി സർക്കാരിനു താങ്ങാവുന്നതല്ല.
ഈ സാഹചര്യത്തിലാണ് കന്പനികളെ രക്ഷിക്കാൻ സെക്രട്ടറിമാരുടെ കമ്മിറ്റിയോട് പദ്ധതി തയാറാക്കാൻ ആവശ്യപ്പെട്ടത്. കമ്മിറ്റികളുടെ പരിഗണനയിലെ പ്രധാന ആലോചന കോളുകൾക്കും ഡാറ്റയ്ക്കും മിനിമം നിരക്ക് ഏർപ്പെടുത്തുന്നതാണ്. രണ്ടു വർഷത്തിനിടെ പലവട്ടം ആലോചിച്ചതാണ് ഇക്കാര്യം. റിലയൻസ് ജിയോയുടെ എതിർപ്പ് മൂലമാണ് നിർദേശം മുന്നോട്ടുപോകാത്തതെന്ന് വിമർശനമുണ്ട്.
ടെലികോമിൽ ഇപ്പോൾ മൂന്നു സ്വകാര്യ കന്പനികളാണുള്ളത്. പൊതുമേഖലയിലെ രണ്ടു കന്പനികൾ ഉടനെ ഒന്നിക്കും. സ്വകാര്യമേഖലയിൽ കന്പനികൾ ഒന്നോ രണ്ടോ ആയി കുറഞ്ഞാൽ വിപണിയിൽ മത്സരത്തിന് പകരം കുത്തകയാകും. ഇതൊഴിവാക്കാനാണ് മൂന്ന് സ്വകാര്യ കന്പനികളെങ്കിലും നിലനിൽ്ക്കുന്നു എന്ന് ഉറപ്പുവരുത്തുംവിധം മിനിമം നിരക്ക് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
സെക്രട്ടറിമാരുടെ കമ്മിറ്റി ഇതു നിർദേശിച്ചാലും ട്രായി (ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) അംഗീകരിക്കണം. വോഡഫോണ്‍ ഐഡിയ പാപ്പരാകാൻ അനുവദിക്കുന്നത് രാജ്യാന്തര തലത്തിൽ ഇന്ത്യയെ മോശമാക്കും എന്നതിനാൽ രക്ഷാനടപടികൂടിയേ കഴിയൂ എന്ന നിലപാടിലാണ് സർക്കാർ.